മനുഷ്യക്കടത്ത്: യുവാക്കളെ വിദേശത്തേക്ക് കടത്തി സൈബർ തട്ടിപ്പിന് ഇരയാക്കിയ മുൻ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കംബോഡിയയിലേക്കും തായ്‌ലന്‍റിലേക്കും'സൈബർ തട്ടിപ്പിനായി' കടത്തിയ കേസിൽ മുൻ ന്വരകസേന ഉദ്യോഗസ്ഥൻ അറസ്റ്റിലായി. യുവാക്കൾ തങ്ങൾ വഞ്ചിക്കപ്പെട്ടതായും സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നും വെളിപ്പെടുത്തിയതോടെയാണ് ഈ വൻ തട്ടിപ്പ് പുറത്തുവന്നത്.

പൊലീസിന്റെ കണ്ടെത്തൽ പ്രകാരം മുൻ നാവികസേന ഉദ്യോഗസ്ഥനായ നാഗേഷ് കുമാറാണ് ഈ അന്താരാഷ്ട്ര സൈബർ മാഫിയയുടെ പ്രധാന തലവൻ. വിദേശത്ത് നല്ല ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശത്തേക്ക് അയക്കുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്. എന്നാൽ അവിടെയെത്തിയ ഉടൻ തന്നെ യുവാക്കളെ തടവിലാക്കുകയും സൈബർ തട്ടിപ്പുകൾക്കും ഓൺലൈൻ കുറ്റകൃത്യങ്ങൾക്കും നിർബന്ധിതരാക്കുകയുമായിരുന്നു.

പരാതി ലഭിച്ചതിനെത്തുടർന്ന് ആഗ്ര സൈബർ സെൽ അന്വേഷണം ആരംഭിക്കുകയും, നിരവധി ഇന്ത്യൻ യുവാക്കൾ ഈ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നും ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ ഇവർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ വ്യാപകമായ റെയ്ഡുകൾക്കൊടുവിൽ ഹിമാചൽ പ്രദേശിലെ പാലംപൂർ മേഖലയിൽ നിന്ന് നാഗേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഈ സംഘവുമായി ബന്ധമുള്ള മറ്റ് പല പ്രതികളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഈ അന്വേഷണത്തിൽ നിർണായക തെളിവായി മാറിയിരിക്കുകയാണ്. വിദേശ കമ്പനികളുമായി, പ്രത്യേകിച്ച് ചൈനീസ് കമ്പനികളുമായി നടത്തിയ നിരവധി സംഭാഷണങ്ങളുടെ വിവരങ്ങൾ ഇതിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ 'സൈബർ തട്ടിപ്പ്' ശൃംഖലക്ക് വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

ഇതിന് സമാനമായ മറ്റൊരു സംഭവത്തിൽ, കംബോഡിയയിലെ മനുഷ്യക്കടത്ത്, സൈബർ അടിമത്ത കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ സംഘത്തിന്റെ പ്രധാന സൂത്രധാരനായ ആനന്ദ് കുമാർ സിങ് നിലവിൽ ഒളിവിലാണ്. അവിടെയെത്തിയ ഇരകളുടെ പാസ്‌പോർട്ടുകൾ ഇവർ പിടിച്ചെടുക്കുകയും കംബോഡിയയിലെ തട്ടിപ്പ് കമ്പനികൾക്കായി ജോലി ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. ഇതിനെതിരെയോ ജോലി ചെയ്യാനോ വിസമ്മതിച്ചവർക്ക് കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നു. ഇലക്ട്രിക് ഷോക്ക് അടിപ്പിക്കുക, ബലമായി തടങ്കലിൽ പാർപ്പിക്കുക, ഭക്ഷണവും വെള്ളവും നിഷേധിക്കുക തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്.

Tags:    
News Summary - Human trafficking: Former naval officer arrested for smuggling youth abroad and cyber fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.