രാമക്ഷേത്ര പിരിവിനെന്ന പേരിൽ വർഗീയ ആക്രമണം; വീടുകൾ കൊള്ളയടിച്ചു -വസ്​തുതാന്വേഷണ റിപ്പോർട്ടിൽ​ ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായി പണം സ്വരൂപിക്കാൻ റാലികൾ നടത്തുന്ന ഹിന്ദുത്വ ഗ്രൂപ്പുകൾ വ്യവസ്​ഥാപിതമായി കൊള്ളയും ​കൊലയും നടത്തിയതായി കണ്ടെത്തൽ. ഭരണകൂടത്തിന്‍റെ പിന്തുണയോടെ ആയിരുന്നു ആക്രമണമെന്നും വസ്​തുതാന്വേഷണ സംഘം നടത്തിയ അ​േന്വഷണത്തിൽ കണ്ടെത്തി. 2020 ഡിസംബർ അവസാനത്തിൽ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാമുദായിക ആക്രമണങ്ങളെപറ്റിയാണ്​ നിക്ഷ്​പക്ഷ സംഘം അന്വേഷണം നടത്തിയത്​.


'ഭീകരതയുടെ അന്തരീക്ഷം' സൃഷ്ടിക്കുന്നതിനും മുസ്‌ലിംകളുടെ വീടുകൾ കത്തിച്ച് കൊള്ളയടിച്ചെന്നും റിപ്പോർട്ട്​ പറയുന്നു. ഒമ്പത് അംഗ വസ്തുതാന്വേഷണ സംഘത്തിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ, പത്രപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നു. ജനുവരി 28, 30 തീയതികളിൽ ഉജ്ജൈനിലെ ബെഘാംബാഗ്, മന്ദ്‌സൗർ ജില്ലയിലെ ഡൊറോണ, ഇൻഡോറിലെ ചന്ദൻഖേഡി എന്നിവ സന്ദർശിച്ചാണ്​ റിപ്പോർട്ട്​ തയ്യാറാക്കിയിരിക്കുന്നത്​. എല്ലാ ആക്രമണങ്ങൾക്കും ഒരേ സ്വഭാവമായിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തി.


'രാമക്ഷേത്രത്തിനായി സംഭാവന ശേഖരിക്കുന്നതിന്‍റെ പേരിൽ കാവി പതാകകളും ആയുധങ്ങളുമായി ഹിന്ദു യുവാക്കൾ റാലികൾ നടത്തുന്നതാണ്​ ആദ്യപടി. മുസ്ലീം സാന്നിധ്യമുള്ള ഗ്രാമങ്ങളും മൊഹല്ലകളും മനഃപൂർവ്വം തിരഞ്ഞെടുത്തായിരിക്കും റാലി നടത്തുക. പള്ളികൾക്കുനേരേ കല്ലെറിയുകയും കടകൾ ആക്രമിക്കുകയും ചെയ്യുന്നതാണ്​ പിന്നീട്​ ചെയ്യുന്നത്​. പ്രദേശത്തെ മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നു. തുടർന്ന്​ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്​ കൊള്ളയും കൊലയും നടത്തുന്നു'- റിപ്പോർട്ടിൽ പറയുന്നു. 'നിരവധി മുസ്‌ലിംകളുടെ വീടുകൾ പൊളിച്ചുമാറ്റി' എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ഇത്തരം റാലികൾക്ക് അനുമതി നൽകിയിട്ടില്ലെന്നും പൗരന്മാരെ സംരക്ഷിക്കാൻ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും സംഘം കണ്ടെത്തി. പോലീസും ഭരണകൂടവും അക്രമസംഭവങ്ങളിൽ നിശബ്​ദരായി കാഴ്ചക്കാരായിരിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പരാതികളിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്താനോ നിയമവാഴ്ച നടപ്പാക്കാനോ യാതൊരു ശ്രമവും നടന്നില്ലെന്നും അക്രമത്തിന്​ ഇരയായവർ അന്വേഷണ സംഘത്തോട് പറഞ്ഞു. 'ഈ സംഭവങ്ങൾ ഹിന്ദുത്വ ഫാസിസ്റ്റ് ഗ്രൂപ്പുകളും ഭരണകൂടവും ഉൾപ്പെടുന്ന ആസൂത്രിതമായ തന്ത്രത്തിന്‍റെ ഭാഗമാണെന്നും റിപ്പോർട്ട് പറയുന്നു. അലിരാജ്പൂരിലെ ചില ക്രിസ്ത്യൻ ആദിവാസികളേയും ഹിന്ദുത്വ തീവ്രവാദികൾ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംഘം റിപ്പോർട്ട് ചെയ്തു.


ഇത്തരം റാലികൾ അവസാനിപ്പിക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും വീടുകൾ പൊളിച്ചുമാറ്റിയവർക്ക് നഷ്ടപരിഹാരം നൽകാനും സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. വിഭൂതി നരേൻ റായ് (മുൻ ഡിജി ഉത്തർപ്രദേശ്) ഡൽഹി, ഇർഫാൻ എഞ്ചിനീയർ (സെന്‍റർ ഓഫ് സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യുലറിസം), മുംബൈ, രാകേഷ് ദീക്ഷിത് (സീനിയർ ജേണലിസ്റ്റ്), ഭോപ്പാൽ. ചിത്തരൂപ പലിത് (നർമദ ബച്ചാവോ ആൻഡോളൻ), സരിക ശ്രീവാസ്തവ (സ്റ്റേറ്റ് സെക്രട്ടറി, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ), ഇൻഡോർ, അഭിഭാഷകൻ ഷാനോ ഷാഗുഫ്ത ഖാൻ (മനുഷ്യാവകാശ നിയമ ശൃംഖല), ഇൻഡോർ, ഹർനം സിംഗ് (സീനിയർ ജേണലിസ്റ്റ്), മന്ദ്‌സോർ, നിദാ കൈസർ (പിഎച്ച്ഡി സ്ഥാനാർഥി, എസ്‌എ‌എ‌എസ്, ലണ്ടൻ സർവകലാശാല) മുംബൈ. വിനീത് തിവാരി (ദേശീയ സെക്രട്ടറി, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ), ഇൻഡോർ എന്നിവരാണ്​ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.