വീടിനുള്ളിൽ കയറിയ പുള്ളിപ്പുലി കട്ടിലിനടിയിൽ ഒളിച്ചു; ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ മയക്കുവെടി വെച്ച് പിടികൂടി

ബെംഗളൂരു: രാത്രി വീട്ടിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ദമ്പതികൾക്ക് മുന്നിലേക്ക് പുള്ളിപ്പുലി കയറിയെത്തിയതോടെ കർണാടകയിലെ തുമകൂരു ജില്ലയിലുള്ള ഗ്രാമം മണിക്കൂറുകളോളം ഭീതിയിലായി. കുനിഗൽ താലൂക്കിലെ ഹുലിയൂർദുർഗയ്ക്ക് സമീപമുള്ള ബന്ദിഗൗഡനപാളയ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ചിക്കമരിയപ്പയും ഭാര്യ നരസമ്മയും വീട്ടിൽ ടിവി കാണുന്നതിനിടെയാണ് പുലി അകത്തേക്ക് കയറിയത്.

തീറ്റ തേടി ഗ്രാമത്തിലിറങ്ങിയ പുലി, ആദ്യം വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിൻകുട്ടിയെ ആക്രമിച്ച് കടിച്ചുകൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ചിക്കമരിയപ്പയുടെ വീട്ടിലേക്ക് കയറിയത്. അപ്രതീക്ഷിതമായി പുലിയെ കണ്ട് ഞെട്ടിയ നരസമ്മ മനഃസാന്നിധ്യം കൈവിടാതെ ഉടൻ പുറത്തേക്ക് ഓടി വാതിൽ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ പുലി കട്ടിലിനടിയിൽ ഒളിച്ചിരുന്നു.

വിവരമറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും പുലിയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചെങ്കിലും വീടിനുള്ളിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കുക ഏറെ വെല്ലുവിളിയായിരുന്നു. തുടർന്ന് ബന്നാർഘട്ടയിൽ നിന്നുള്ള അനസ്തേഷ്യ വിദഗ്ധൻ കിരണിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.

ഏകദേശം ആറ് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ചാണ് വനംവകുപ്പ് സംഘം പുലിയെ പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്ത് ഈ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായും വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും ഭീഷണിയായിരുന്ന പുലിയെ പിടികൂടിയതോടെയാണ് ഗ്രാമവാസികൾക്ക് ശ്വാസം നേരെ വീണതെന്നും നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - Leopard Hides Under Bed Inside House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.