വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈദരാബാദിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ റാലി
ഗ്യാനേഷ് കുമാറിന്റെ രാജിക്ക് സമ്മർദമേറി; രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷവും പാറ്റകളും
ന്യൂഡൽഹി: എസ്.ഐ.ആറിൽ വോട്ടു വെട്ടിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്ക് സമ്മർദമേറ്റി പ്രതിപക്ഷം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പദവിയിൽ നിന്ന് രാജിവെച്ച് മാപ്പുസാക്ഷിയായി മാറി രാജ്യത്തോട് ചെയ്ത കൊടും കുറ്റകൃത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരായ അന്വേഷണത്തിന് വഴിയൊരുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അതിന് തൊട്ടുമുമ്പ് ഡൽഹിയിൽ വാർത്തസമ്മേളനം നടത്തിയ കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അല്ലെങ്കിൽ രാജ്യവ്യാപകമായ പ്രക്ഷോഭം നേരിടണമെന്നും അന്ത്യശാസനം നൽകി. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കാൻ പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഗോവയിൽ വോട്ടർമാരെ ചേർക്കുന്നത് ഡൽഹിയിലിരുന്ന് തടഞ്ഞു
രാജ്യത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക റിപ്പോർട്ടിലൂടെ, രണ്ട് കമീഷണർമാരെ ഇരുട്ടിൽ നിർത്തി വോട്ടു ചേർക്കുന്നതിലും വെട്ടുന്നതിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നടത്തിയ വഴിവിട്ട കളികൾ പുറത്തുകൊണ്ടുവന്ന ‘ഇന്ത്യൻ എക്സ്പ്രസ്’ ഗോവയിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ(ഇ.ആർ.ഒ)മാർ എസ്.ഐ.ആറിൽ വോട്ടർമാരെ ചേർക്കുന്നത് ‘ഇ.സി.ഐ നെറ്റ്’ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഡൽഹിയിലിരുന്ന് ഗ്യാനേഷും ഐ.ടി ഡയറക്ടർ ജനറൽ സീമ ഖന്നയും ചേർന്ന് തടഞ്ഞതിന്റെ തെളിവ് വ്യാഴാഴ്ച പുറത്തുവിട്ടു. നിയമപരമായി ഓരോ മണ്ഡലത്തിലും വോട്ടുചേർക്കാൻ ബാധ്യസ്ഥനായ ഇ.ആർ.ഒമാരെയാണ് അവരുടെ കൃത്യ നിർവഹണത്തിൽനിന്ന് തടഞ്ഞത്.
ഗോവയിലെ ഒരു മണ്ഡലത്തിലെ 97 യഥാർഥ വോട്ടർമാരെ ചേർക്കാൻ ഇ.ആർ.ഒ ശ്രമിച്ചപ്പോൾ കമീഷന്റെ സോഫ്റ്റ്വെയർ അത് തടയുകയായിരുന്നു. എസ്.ഐ.ആറിന്റെ അന്തിമ കരട് പുറത്തിറങ്ങുന്നതിനു മുമ്പ് യോഗ്യരായ ഈ വോട്ടർമാരെ ചേർക്കാൻ ഇ.ആർ.ഒക്ക് തുറന്നു നൽകണമെന്നാവശ്യപ്പെട്ട് ഗോവ തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര കമീഷന് ഒരാഴ്ചക്കിടയിൽ എട്ടു തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തുറന്നുകൊടുത്തില്ല.
ഈ ചെയ്യുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഇ.ആർ.ഒക്ക് അവരെ ചേർക്കാൻ സോഫ്റ്റ്വെയർ തുറന്നുകൊടുക്കണമെന്നും ഡൽഹിയിലെ ഡെപ്യൂട്ടി കമീഷണർ സോഫ്റ്റ്വെയർ നിയന്ത്രിക്കുന്ന ഐ.ടി ഡയറക്ടർ ജനറൽ സീമ ഖന്നക്ക് രേഖാമൂലം അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല. ഈ 97 പേരും വോട്ടർമാരല്ലാതായതോടെ സംസ്ഥാന സർക്കാറിന്റെ എല്ലാ പദ്ധതികളിൽ നിന്നും ആനുകൂല്യങ്ങളിൽ നിന്നും സർക്കാർ പട്ടികയിൽ നിന്നും ഇവർ പുറത്തായി. ഇങ്ങനെ പുറത്തായവരിലൊരാൾ സ്വന്തം ഭൂമിയുടെ രജിസ്ട്രേഷന് പോയപ്പോൾ വോട്ടറല്ലെന്ന കാരണത്താൽ അനുവദിച്ചില്ല.
അതത് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മേൽനോട്ടത്തിൽ ഓരോ മണ്ഡലത്തിലും ഇ.ആർ.ഒമാരും എ.ഇ.ആർ.ഒമാരും സ്വന്തം നിലക്ക് ചെയ്തിരുന്ന വോട്ടുചേർക്കലും വെട്ടലുമാണ് ഡൽഹിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത്. ഇതിന്റെ അപകടത്തെക്കുറിച്ച് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമായതിന്റെ ഒരു മണ്ഡലത്തിൽ നിന്നുള്ള കേസ് സ്റ്റഡി മാത്രമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യൻ എക്സ്പ്രസ് രാജ്യത്തുടനീളം എസ്.ഐ.ആറിൽ ഇങ്ങനെ സംഭവിച്ചുവെന്ന അപായസൂചനയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.