ചണ്ഡിഗഢ്: ഭാരത് ജോഡോ യാത്രക്കുശേഷമാണ് ഹിമാനി നർവാൾ കോൺഗ്രസ് പ്രവർത്തകർക്കിടയിലും മാധ്യമങ്ങളിലും കൂടുതൽ ശ്രദ്ധ നേടുന്നത്. ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ കൈപിടിച്ച് നടന്നു നീങ്ങുന്ന ഹിമാനിയുടെ ചിത്രം വൈറലായിരുന്നു.
യുവ ആക്ടിവിസ്റ്റും രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽനിന്നാണ് കണ്ടെത്തിയത്. ഹിമാനി സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. മൂന്നു ഇൻസ്റ്റഗ്രാം അക്കൗണ്ടുകലും രണ്ടു ഫേസ്ബുക്ക് അക്കൗണ്ടുകളും ഹിമാനിയുടെ പേരിലുണ്ടായിരുന്നു. ദിവസവും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്തിരുന്നു.
മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പവും സെലിബ്രിറ്റികൾക്കൊപ്പവും നിൽക്കുന്ന ചിത്രങ്ങളെല്ലാം ഇതിലുണ്ട്. 2015ൽ തുടങ്ങിയ പ്രൈമറി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 15,000 ഫോളോവേഴ്സുണ്ട്. ഭൂരിഭാഗം റീൽസുകളും 20,000 മുതൽ 30,000 വരെ കാഴ്ചക്കാരുണ്ട്. അഞ്ചു ലക്ഷം കാഴ്ചക്കാരുള്ള വിഡിയോകളും ഇതിലുണ്ട്. ഫെബ്രുവരി 10ന് കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്ത ഹിമാനി, അടുത്തയാഴ്ച മാതാവ് സവിത ദേവിക്കൊപ്പം കുംഭമേളയിൽ പങ്കെടുക്കുകയും ചെയ്തു.
ആൺ സുഹൃത്ത് സചിനാണ് ഹാമാനിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
മാർച്ച് ഒന്നിനാണ് റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിലായിരുന്നു ഹിമാനിയുടെ മൃതദേഹം. റോഹ്തക്ക് വിജയ് നഗർ സ്വദേശിനിയാണ് ഹിമാനി. ‘റോഹ്തക്കിലെ വിജയ് നഗറിൽ യുവതി തനിച്ചാണ് താമസിച്ചിരുന്നത്. ഇവിടെ പതിവായി സചിൻ വരാറുണ്ട്. കഴിഞ്ഞ ഫെബ്രുവരി 27നും സചിൻ യുവതിയുടെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തർക്കത്തിലേർപ്പെടുകയും പിന്നാലെ സചിൻ മൊബൈൽ കേബിൾ ഉപയോഗിച്ച് ഹിമാനിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു’ -റോഹ്തക് റേഞ്ച് എ.ഡി.ജി.പി കൃഷൻ കുമാർ റാവു പറഞ്ഞു.
യുവതിയുടെ സ്വർണവും മൊബൈൽ ഫോണും ലാപ്ടോപ്പും കൈക്കലാക്കിയശേഷം മൃതദേഹം വീട്ടിലുണ്ടായിരുന്ന ഒരു സ്യൂട്ട്കേസിലാക്കി. പിന്നാലെ സ്യൂട്ട്കേസ് സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലെ കൊലപാതകത്തിനു പിന്നാലെ കാരണം വ്യക്തമാകൂ. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയുടെ കൈയിൽ കടിച്ചതിന്‍റെയും മുറിവേറ്റതിന്‍റെയും പാടുകളുണ്ട്. ഹിമാനിയെ കൊലപ്പെടുത്തുന്നതിനിടെ സംഭവിച്ചതാണിതെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.