നരേന്ദ്ര മോദി

'ബാലിശമായ കൗതുകങ്ങൾ പൊതുതാല്പര്യമല്ല'; പ്രധാനമന്ത്രിയുടെ ബിരുദവിവരങ്ങൾ നൽകേണ്ടതില്ലെന്ന് ഗുജറാത്ത് ഹൈകോടതി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദ്ദേശം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് വിധിക്കെതിരെ കെജ്‌രിവാൾ ഉന്നയിച്ച വാദങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഡിവിഷൻ ബെഞ്ച്, അദ്ദേഹത്തിന് ചുമത്തിയ 25,000 രൂപ പിഴയും ശരിവെച്ചു. ചീഫ് ജസ്റ്റിസ് സുനിതാ അഗർവാൾ, ജസ്റ്റിസ് ഡി.എൻ. റേ എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്.

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പൂർണമായി പരിശോധിച്ചതിൽ സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവിൽ യാതൊരു വിധ തെറ്റുകളും കണ്ടെത്താനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വിവരാവകാശ നിയമം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 31-നായിരുന്നു ജസ്റ്റിസ് ബിരേൻ വൈഷ്ണവിന്റെ സിംഗിൾ ബെഞ്ച് സി.ഐ.സിയുടെ ഉത്തരവ് റദ്ദാക്കുകയും കെജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തത്.

വാദപ്രതിവാദങ്ങൾ

അപ്പീൽ ഹരജിയിൽ കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌‌വി, പിഴ ചുമത്തിയതിനെ ശക്തമായി എതിർത്തു. തന്റെ കക്ഷി ബിരുദ വിവരങ്ങൾ ആവശ്യപ്പെട്ട് നിരന്തരം വാശിപിടിച്ചെന്ന സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം തെറ്റാണെന്നും, ഒരു ഔദ്യോഗിക വിവരാവകാശ അപേക്ഷയ്ക്ക് പകരമായി അയച്ച കത്തിനെ അടിസ്ഥാനമാക്കി സി.ഐ.സി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും സിംഗ്‌വി വാദിച്ചു. ബിരുദ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണെന്ന സർവകലാശാലയുടെ വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിരുദം പൊതുരേഖയാണെങ്കിൽ അത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരണമെന്നും ബോധിപ്പിച്ചു.

എന്നാൽ, ഗുജറാത്ത് സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ ശക്തമായി എതിർത്തു. ഒരു സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതിനായി വാർത്താസമ്മേളനങ്ങൾ അടക്കം നടത്തി വിഷയം നിരന്തരം രാഷ്ട്രീയവത്കരിക്കാനാണ് കെജ്‌രിവാൾ ശ്രമിച്ചതെന്ന് തുഷാർ മേത്ത വാദിച്ചു. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നതും ഉദ്യോഗസ്ഥരുടെ ജോലി സമയം പാഴാക്കുന്നതും തടയാൻ ഹരജിക്കാരന് അധിക ചെലവ് ചുമത്തണമെന്നും സർവകലാശാല ആവശ്യപ്പെട്ടിരുന്നു.

കേസിന്റെ പശ്ചാത്തലം

2016-ലാണ് പ്രധാനമന്ത്രിയുടെ ബിരുദ രേഖകൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ കേന്ദ്ര വിവരാവകാശ കമ്മീഷന് കത്തയച്ചത്. തന്റെ വിദ്യാഭ്യാസ രേഖകൾ പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ കെജ്‌രിവാൾ, മോദിയുടെ രേഖകൾ കമ്മീഷൻ എന്തിനാണ് ഒളിച്ചുവെക്കുന്നതെന്നും ചോദിച്ചിരുന്നു. തുടർന്ന് 2016 ഏപ്രിലിൽ, അന്നത്തെ സി.ഐ.സി കമ്മീഷണർ എം. ശ്രീധർ ആചാര്യുലു പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ കെജ്‌രിവാളിന് കൈമാറാൻ ഡൽഹി സർവകലാശാലയോടും ഗുജറാത്ത് സർവകലാശാലയോടും ഉത്തരവിടുകയായിരുന്നു.

എന്നാൽ, ഒരാളുടെ 'നിരുത്തരവാദപരമായ ബാലിശമായ കൗതുകം' വിവരാവകാശ നിയമപ്രകാരം പൊതുതാൽപ്പര്യമായി മാറില്ലെന്ന് വാദിച്ചുകൊണ്ട് ഗുജറാത്ത് സർവകലാശാല ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചു. 1983-ൽ 62.3 ശതമാനം മാർക്കോടെ എക്സ്റ്റേണൽ വിദ്യാർഥിയായി മോദി എം.എ പൊളിറ്റിക്കൽ സയൻസ് പൂർത്തിയാക്കിയതായി അന്ന് വൈസ് ചാൻസലർ എം.എൻ. പട്ടേൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഹൈകോടതി സിംഗിൾ ബെഞ്ച് സി.ഐ.സി ഉത്തരവ് റദ്ദാക്കുകയും കെജ്‌രിവാളിന് പിഴ ചുമത്തുകയുമായിരുന്നു. ഈ നടപടിക്കെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചും തള്ളിയത്.

Tags:    
News Summary - Gujarat HC Dismisses Kejriwal’s Appeal on PM Modi’s Academic Degree, Upholds ₹25,000 Fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.