നിക്ഷേപകരില്ല; ബി.പി.സി.എൽ വിൽപന പൊളിഞ്ഞു

ന്യൂഡൽഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) ഓഹരി വിൽപന നീക്കത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ട് പിന്മാറി. കമ്പനിയിൽ സർക്കാറിനുള്ള 52.98 ശതമാനം ഓഹരി വാങ്ങാൻ ആരും താൽപര്യം കാണിക്കാതെ വന്നതിനെ തുടർന്നാണിത്. കോവിഡും റഷ്യ-യുക്രെയ്ൻ സംഘർഷവും വിപണിയിൽ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയാണ് കാരണം. ഓഹരി വിൽപന നടപടി അവസാനിപ്പിക്കാൻ തീരുമാനിച്ച മന്ത്രിതല സമിതിയുടെ നിർദേശപ്രകാരം താൽപര്യ പത്രങ്ങൾ റദ്ദാക്കി.

കൊച്ചി റിഫൈനറിയിലും മറ്റും സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളികൾ നടത്തിയ സമരം അവഗണിച്ച് മുന്നോട്ടുപോയ ശേഷമാണ് പുതിയ തീരുമാനം. ബി.പി.സി.എല്ലിന്റെ ഓഹരി വിൽപന താൽപര്യം സർക്കാർ ഉപേക്ഷിച്ചു എന്നർഥമില്ല. എന്നാൽ, ആഗോള മാന്ദ്യം മൂലം സമീപ വർഷങ്ങളിൽ ഓഹരി വിൽപനക്കു വെക്കാൻ സർക്കാറിന് കഴിയില്ല.

2020 മാർച്ചിൽ തുടങ്ങിയ ബി.പി.സി.എൽ സ്വകാര്യവത്കരണം പാളിയതോടെ, സർക്കാറിന്റെ ധനസമാഹരണ ലക്ഷ്യവും പാളം തെറ്റി. 52.98 ശതമാനം ഓഹരി വിൽക്കാനുള്ള വാഗ്ദാനം പിൻവലിക്കുന്നതായി കേന്ദ്ര നിക്ഷേപ-പൊതുസ്വത്ത് നിർവഹണ വിഭാഗമായ 'ദിപം' ഔപചാരികമായി അറിയിച്ചു.

കോവിഡും മേഖല സാഹചര്യങ്ങളും വ്യവസായങ്ങളെ, പ്രത്യേകിച്ച് എണ്ണ-വാതക വ്യവസായത്തെ ആഗോള തലത്തിൽ ബാധിച്ചിരിക്കുകയാണെന്ന് പ്രസ്താവനയിൽ വിശദീകരിച്ചു. ഓഹരി ഏറ്റെടുക്കാൻ യോഗ്യത നേടിയ കമ്പനികൾ തുടർനടപടികൾക്ക് കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അതനുസരിച്ച് ഇവരുടെ താൽപര്യ പത്രങ്ങൾ റദ്ദാക്കി. സാഹചര്യങ്ങൾ പുനഃപരിശോധിച്ച ശേഷം ഓഹരി വിൽപന നടപടികൾ യുക്തമായ സമയത്ത് പുനരാരംഭിക്കുമെന്നും 'ദിപം' വ്യക്തമാക്കി.

2020 മാർച്ചിൽ സർക്കാർ താൽപര്യപത്രം ക്ഷണിച്ചതിനെ തുടർന്ന് ചില കമ്പനികൾ മുന്നോട്ടുവന്നെങ്കിലും ഇന്ധനവില സംബന്ധിച്ച അവ്യക്തതമൂലം രണ്ടു കമ്പനികൾ പിൻവലിഞ്ഞു. ഖനനരംഗത്തെ അതികായരായ വേദാന്ത ഗ്രൂപ്, അമേരിക്കൻ ഫണ്ട് മാനേജർമാരായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ്, ഐ സ്ക്വയേർഡ് കാപിറ്റൽ അഡ്വൈസേഴ്സ് എന്നിവയാണ് താൽപര്യപത്രം നൽകിയത്. ആഗോള നിക്ഷേപകരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അമേരിക്കൻ ഫണ്ട് മാനേജർമാർ അറിയിച്ചതോടെ വേദാന്തമാത്രം അവശേഷിച്ചു. ഒരു കമ്പനിയെ മാത്രമായി ലേല നടപടികൾക്ക് പരിഗണിക്കാനാവില്ല. ഇതോടെ ലേല നടപടികൾ ഉപേക്ഷിക്കുകയായിരുന്നു.

Tags:    
News Summary - Govt's bid to sell stake in BPCL finds no takers; DIPAM withdraws EoI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.