ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്‍റെ ജന്മദിനം സർക്കാർ സ്കൂളിൽ ആഘോഷിക്കാൻ അനുമതി നൽകിയ പ്രധാന അധ്യാപികക്ക് സസ്പെൻഷൻ. രംഗറെഡ്ഡി ജില്ലയിലെ സ്കൂളിലാണ് കെ.സി.ആറിന്‍റെ ജന്മദിനം ബി.ആർ.എസ് പ്രവർത്തകരും അനുകൂലികളും സംഘടിപ്പിച്ചത്.
ആഘോഷത്തിന് സ്കൂൾ വിട്ടുനൽകുന്നതിന് വിദ്യാഭ്യാസ വകുപ്പ് മുതിർന്ന ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി തേടിയില്ലെന്നാണ് പ്രധാന അധ്യാപികക്കെതിരായ കുറ്റം. ക്ലാസുകൾ തടസപ്പെടുകയും മാർഗനിർദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതിനാൽ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം വിളി ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്ത നടപടിയെ ബി.ആർ.എസ് വർക്കിങ് പ്രസിഡന്‍റ് കെ.ടി. രാമറാവു അപലപിച്ചു. നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഔദ്യോഗിക പദവികൾ ഇല്ലാത്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സഹോദരനും ഉപമുഖ്യമന്ത്രിയുമായ മല്ലുഭട്ടി വിക്രമാർകയുടെ ഭാര്യക്ക് ഔദ്യോഗിക ബഹുമതികൾ നൽകിയ നടപടിയെയും കെ.ടി.ആർ ചോദ്യം ചെയ്തു.
കെ.ടി.ആറിന്‍റെ 71-ാം ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷിക്കാൻ ബി.ആർ.എസ് ആഹ്വാനം ചെയ്തിരുന്നു. ആഘോഷത്തിന്‍റെ ഭാഗമായി പാർട്ടി ആസ്ഥാനത്ത് തയാറാക്കിയ ഭീമൻ കേക്ക് കെ.സി.ആറിന്‍റെ മകനും മുൻ മന്ത്രിയുമായിരുന്ന കെ.ടി. രാമറാവു ആണ് മുറിച്ചത്. ആഘോഷത്തിന്‍റെ ഭാഗമായി വൃക്ഷത്തൈ നടീൽ, രക്തദാന ക്യാമ്പുകൾ, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.