നോട്ട് നിരോധനം: നേട്ടം ധനികര്‍ക്ക് മാത്രം, പാവങ്ങള്‍ക്ക് ബുദ്ധിമുട്ട് –ഗോവിന്ദാചാര്യ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.എസ് താത്ത്വികാചാര്യനും ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഗോവിന്ദാചാര്യ. കള്ളപ്പണം കൈവശംവെക്കുന്നവരെ തെരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യുന്നതിന് പകരം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഗോവിന്ദാചാര്യ മീഡിയവണിനോട് പറഞ്ഞു.

കള്ളപ്പണത്തിന്‍െറ സിംഹഭാഗവും കൈയടക്കിവെക്കുന്നത് രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും ഉദ്യോഗസ്ഥരുമാണ്. ഇപ്പോഴത്തെ നീക്കം കൊണ്ട് പണക്കാര്‍ക്ക് നേട്ടമുണ്ടായപ്പോള്‍ പാവങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. കണ്ണും മൂക്കുമില്ലാതെ ജനത്തെ കഷ്ടപ്പാടിലേക്ക് തള്ളിയിടുന്നതിനുപകരം കള്ളപ്പണക്കാരെ തെരഞ്ഞുപിടിക്കുകയിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.

കഴിഞ്ഞ പത്തു ദിവസമായി അങ്ങേയറ്റം സഹിക്കുകയും ക്ഷമിക്കുകയും അച്ചടക്കം പാലിക്കുകയുമാണ് ജനം. പരിധിവിട്ട് ആരും പെരുമാറിയിട്ടില്ല. അടിസ്ഥാനപരമായി മാറ്റമുണ്ടാക്കുന്ന എന്തോ ഒന്ന് സംഭവിക്കുന്നു എന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്ക്. കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാകുമെന്നും ഭീകരത തുടച്ചുനീക്കപ്പെടുമെന്നും ജനം കരുതുന്നുണ്ട്. സര്‍ക്കാറിനെ പിന്തുണക്കുകയാണ് അവര്‍ ചെയ്യുന്നത്.

എന്നാല്‍, ജനവികാരങ്ങളോട് അങ്ങേയറ്റം നിരുത്തരവാദപരമായ പ്രതികരണമാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായത്. നാന്നൂറ് കോടി കള്ളപ്പണം കണ്ടത്തെുന്നതിനുവേണ്ടി നടത്തുന്ന നീക്കങ്ങള്‍മൂലം ജനങ്ങളെ ഇത്ര കണ്ട് ബുദ്ധിമുട്ടിക്കരുതായിരുന്നു. നല്ല ഉദ്ദേശ്യമുണ്ടെങ്കിലും നടപ്പാക്കുന്ന രീതി പരിഗണിച്ച് കടുത്ത വിമര്‍ശനമാണ് ഈ തീരുമാനത്തോട് തനിക്കുള്ളതെന്നും ഗോവിന്ദാചാര്യ പറഞ്ഞു.

വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഉദാഹരണത്തിന് എന്‍.പി.എസ് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയും ശക്തമായ നടപടികള്‍ എടുക്കുകയും ചെയ്യുക. ആറു ലക്ഷം കോടി രൂപയെങ്കിലുമുണ്ട് ഈ തുക. ആറു ലക്ഷം കോടി കള്ളപ്പണമാണെങ്കില്‍ അത് കണ്ടത്തെുകയും നടപടിയെടുക്കുകയും ചെയ്യുക.

വിദേശത്ത് നിക്ഷേപമുള്ളവരുടെ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. അവരുടെ പേരുകള്‍ വെളിപ്പെടുത്തണമായിരുന്നു. വിദേശനിക്ഷേപത്തിന് സഹായിക്കുന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ട് സിസ്റ്റം നിരോധിക്കണമായിരുന്നു. ഇതൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഈ തീരുമാനത്തിന് ഹ്രസ്വ-ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ട്.

അതില്‍ ഗുണവും ദോഷവുമുണ്ട്. കാര്‍ഷികമേഖലയിലെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്‍റ് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയില്ല. എല്ലാറ്റിനുമുപരി ആഭ്യന്തര ഉല്‍പാദന സൂചികക്കും വിലക്കയറ്റവുമായി ബന്ധമുണ്ട്. നിലവില്‍ 12 ശതമാനം കറന്‍സി മാത്രമാണ് വിനിമയത്തിലുള്ളത്. വിലക്കയറ്റം പിന്നീട് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കുമെന്നും ഗോവിന്ദാചാര്യ പറഞ്ഞു.

Tags:    
News Summary - govindacharya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.