രാജ്യത്ത് 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി വരുന്നു ; 2 വർഷത്തിനുള്ളിൽ 5,000 എഥനോൾ വിതരണ കേന്ദ്രങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 5,000 എഥനോൾ വിതരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഓട്ടോമൊബൈൽ നിർമാതാക്കളും പൊതുമേഖലാ എണ്ണ കമ്പനികളും സംയുക്തമായാണ് ഇതിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറക്കുന്നതോടൊപ്പം, കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ഈ പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 10.9 ലക്ഷം കോടി രൂപയുടെ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തതിരുന്നത്. രാജ്യത്തെ മുഴുവൻ ഇന്ധന സ്റ്റേഷനുകളിലും 20% എഥനോൾ ചേർത്ത ഇന്ധനം (E20) വിതരണം ചെയ്യണമെന്ന് സർക്കാർ അടുത്തിടെ നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ100 ലേക്കുള്ള ചുവടുവെപ്പ്. പൂർണ്ണമായും എഥനോൾ അടങ്ങിയ ഇന്ധനമാണ് ഇ100 (E100). നിലവിൽ രാജ്യത്തെ പമ്പുകളിൽ വിതരണം ചെയ്യുന്നത് 20 ശതമാനം എഥനോൾ കലർത്തിയ പെട്രോളാണ്.

ഇ100 ഇന്ധനത്തിലേക്ക് മാറുന്നത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വൻതോതിൽ കുറക്കാൻ സഹായിക്കും. എന്നാൽ, സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് മൈലേജ് കുറവായതിനാൽ, ഇ100 ഇന്ധനത്തിന് സാധാരണ ഇന്ധനത്തേക്കാൾ 30 ശതമാനമെങ്കിലും വില കുറക്കണമെന്ന് വാഹന നിർമ്മാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇ100 ഇന്ധനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വാഹന വ്യവസായ രംഗത്തെ പ്രമുഖരുമായും എണ്ണ വിപണന കമ്പനികളുമായും സർക്കാർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ വാഹന നിർമ്മാതാക്കളെല്ലാം തന്നെ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളുടെ മാതൃകകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. എങ്കിലും, രാജ്യത്ത് നിലവിൽ ഇത്തരം ഇന്ധനം ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ കുറവായതിനാലും, ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വ്യക്തതയില്ലാത്തതിനാലും ഈ വാഹനങ്ങൾ ഇതുവരെ വിപണിയിൽ ഇറക്കിയിട്ടില്ല. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Government launches 100 percent ethanol project; 5,000 ethanol distribution centers coming up in the next 2 years, India to reduce import costs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.