ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയുടെ റിപ്പോർട്ടുകൾ വിശ്വാസയോഗ്യമല്ലെന്ന് സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്.ജെ.എം). ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് പ്രസാധകർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രസർക്കാറിനോട് എസ്.ജെ.എം ആവശ്യപ്പെട്ടു.
'ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നിരുത്തരവാദപരമായാണ് പട്ടിക പുറത്തു വിട്ടിരിക്കുന്നത്. റിപ്പോർട്ട് തെറ്റാണെന്ന് മാത്രമല്ല, വിശകലനത്തിലും വിവരങ്ങൾ ശേഖരിച്ചതിലും പിഴവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവിട്ട ആഗോള പട്ടിണി സൂചികയെയും ഇന്ത്യ എതിർത്തിരുന്നു. അന്ന് തെറ്റുകൾ തിരിത്തുമെന്ന് 'ദി വേൾഡ് ഫുഡ് ഓർഗനൈസേഷൻ' ഉറപ്പു നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.' - എസ്.ജെ.എമ്മിന്‍റെ പ്രസ്താവനയിൽ പറയുന്നു.
ഒക്ടോബർ 15നാണ് ആഗോള പട്ടിണി സൂചിക പുറത്തുവന്നത്. നിലവിൽ 121 രാജ്യങ്ങളുള്ള പട്ടികയിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. 2021ൽ 116 രാജ്യങ്ങളിൽ 101ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. എന്നാൽ അശാസ്ത്രീയമായ രീതിയിലാണ് ഇൻഡക്സ് കണക്കാക്കുന്നതെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.