റാഞ്ചി: സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി പത്തൊൻപതുകാരിക്ക് ഗുരുതര പരുക്ക്. ഝാർഖണ്ഡിലെ ഗാർവ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. റാഞ്ചി-ചോപൻ എക്സ്പ്രസ് ഇടിച്ചതിനെത്തുടർന്ന് അപകടത്തിൽ യുവതിയുടെ രണ്ട് കൈകളും അറ്റുപോയി. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഗാർവ പൊലീസ് സ്റ്റേഷൻ പരിധിയിലെ അശോക് വിഹാർ സ്വദേശി ധീരജ് സിങിന്റെ മകളായ പൂർണിമ കുമാരിയാണ് (19) അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം റൈസയിലെ റെയിൽവേ ലൈനടുത്തേക്ക് എത്തിയതായിരുന്നു പൂർണിമ. മൊബൈൽ ഫോണിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിലാണ് റാഞ്ചി ഭാഗത്തുനിന്ന് വന്ന ട്രെയിൻ യുവതിയെ ഇടിച്ചത്. സമീപത്തേക്ക് വന്ന ട്രെയിനിന്റെ വേഗതയും ദൂരവും കണക്കാക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിന് കാരെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻതന്നെ പൂർണിമയെ ഗാർവ സദർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്കിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് വിദഗ്ധ ചികിത്സക്കായി മറ്റൊരു മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. വിവരമറിഞ്ഞ് യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും ഫോളോവേഴ്സിനെയും നേടുന്നതിനായി സ്വന്തം ജീവൻ അപകടത്തിലാക്കുന്ന പ്രവണതകൾക്കെതിരെ ഈ ദാരുണ സംഭവം വലിയ മുന്നറിയിപ്പാണ് നൽകുന്നത്. റെയിൽവേ ട്രാക്കുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, ഉയരമുള്ള കെട്ടിടങ്ങൾ തുടങ്ങി അപകടം പതിയിരിക്കുന്ന ഇത്തരം സ്ഥലങ്ങളിൽ വീഡിയോകളും റീൽസുകളും ചിത്രീകരിക്കുന്നത് ഗുരുതരമായ ദുരന്തങ്ങൾക്ക് വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.