ന്യൂഡൽഹി: ഇന്ധനവില തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ ടാക്സി, ഓട്ടോ നിരക്കുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ടാക്സി ഡ്രൈവർമാരുടെ യൂണിയനുകൾ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. മേയ് 21 മുതൽ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകൾ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകൾ ആരോപിച്ചു. 'സി.എൻ.ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില നിരന്തരം വർധിക്കുന്നതിനാൽ ഇടത്തരം ഡ്രൈവർമാർ തങ്ങളുടെ കുടുംബം പുലർത്താൻ പാടുപെടുകയാണ്. അതിനാൽ ഡൽഹിയിലെ മറ്റ് സംഘടനകളുമായി ഏകോപിപ്പിച്ച് 'ചാലക് ശക്തി യൂണിയൻ' മെയ് 21, 22, 23 തീയതികളിൽ വാഹന പണിമുടക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു' ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് അറിയിച്ചു.
ഇന്ധനവിലയിൽ വൻ വർധനവുണ്ടായിട്ടും ഡൽഹി-എൻ.സി.ആർ മേഖലയിലെ ടാക്സി നിരക്കുകളിൽ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയ്ക്കുള്ള ചെലവുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഡ്രൈവർമാരുടെ വരുമാനത്തെ വീണ്ടും കുറയ്ക്കുന്നു. 'വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഉണ്ടായിരുന്നിട്ടും ടാക്സി നിരക്കുകൾ ഇപ്പോഴും പഴയ നിരക്കിലാണ് ഈടാക്കുന്നത്, ഇത് ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു. ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത കമ്പനികൾ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഡൽഹി-എൻ.സി.ആറിലെ ഡ്രൈവർമാർ കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്' യൂണിയന്റെ കത്തിൽ പറയുന്നു.
തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നയങ്ങൾ രൂപീകരിക്കാനും സർക്കാരുമായി ഒരു കൂടിക്കാഴ്ച വേണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് തിങ്കളാഴ്ച ഡൽഹി ലഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധുവിനും മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും കത്തയച്ചു. 'സർക്കാർ ഉടൻ തന്നെ ടാക്സി നിരക്കുകൾ വർധിപ്പിക്കുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തില്ലെങ്കിൽ, ഈ സമരം വൻതോതിലുള്ള പ്രതിഷേധമായി മാറും. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഡൽഹി സർക്കാരിനായിരിക്കും' കത്തിൽ വ്യക്തമാക്കുന്നു.
അതേ സമയം അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്.അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടുന്നത്.മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയായി. ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയായി. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് വരും ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.