ബി.ജെ.പി ജഴ്​സിക്ക്​ ഭാര്യയുടെ ചുവപ്പ്​ കാർഡ്​; പാർട്ടി വിട്ട്​ മുൻ ബ്ലാസ്​റ്റേഴ്​സ്​ താരം മെഹ്​താബ്​ ഹുസൈൻ

ബി.ജെ.പിയിൽ ചേർന്ന കാര്യം  ഗോളടിച്ച ആവേശത്തോയായിരുന്നു മുൻ ബ്ലാസ്​റ്റേഴ്​സ്​ താരം മെഹ്​താബ്​ ഹുസൈൻ പ്രഖ്യാപിച്ചത്​. പക്ഷേ, ആ ആവേശത്തിന്​ ഭാര്യയും മക്കളും ചുവപ്പ്​ കാർഡ്​ കാണിക്കുമെന്നായതോടെ, എക്​സ്​ട്രാ ടൈമിലെ ‘അത്​ഭുതത്തിന്​’ കാത്തിരിക്കാതെ കളം വിട്ട്​ മറ്റൊരു തട്ടകം തേടിപ്പോവേണ്ടി വന്നു പശ്ചിമബംഗാൾ താരത്തിന്​.

ചൊവ്വാഴ്ച ബംഗാൾ ബി.ജെ.പിയുടെആസ്ഥാനത്ത് വലിയ സദസിൽ വച്ച് നടന്ന പരിപാടിയിലാണ് മെഹ്താബ് പാർട്ടി അംഗത്വം സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം അവിടം വിട്ടു. കുടുംബം ഒപ്പം നിൽക്കാത്തതിനാലാണ്​ പാർട്ടിവിടുന്നതെന്നായിരുന്നു താരത്തിൻെറ വിശദീകരണം.

കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് സുപരിചിതനായ മെഹ്താബ് ഹുസൈൻ 2014 മുതൽ 2016 വരെയുള്ള രണ്ടുവർഷം ഐ.എസ്.എൽ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 31 മത്സരങ്ങളും കളിച്ചിട്ടുണ്ട്​.

ചൊവ്വാഴ്ച ബി.ജെ.പി പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിൽ നിന്നും മെഹ്താബ് പാർട്ടി അംഗത്വമേറ്റെടുത്തെന്ന വാര്‍ത്ത വലിയ രീതിയില്‍ വൈറലായിരുന്നു. ‘‘ജനങ്ങളോടൊപ്പം നിൽക്കണം എന്ന തീരുമാനത്തിലാണ് താൻ രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചത്. എന്നാൽ, ഭാര്യയും മക്കളും പോലും തന്റെ തീരുമാനത്തോടൊപ്പം നിന്നില്ല. ഇതാണ് മാറാൻ കാരണം’’മെഹ്‌താബ് പറഞ്ഞു.

'‘ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനത്തോട് വലിയ എതിർപ്പുണ്ടായി. ഇന്ന് മുതൽ എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല.’’ മെഹ്താബ് ഹുസ്സൈൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഏറെക്കാലം ഈസ്റ്റ് ബംഗാൾ നായകനായിരുന്ന മെഹ്താബ് മോഹൻ ബഗാൻ, ഒ.എൻ.ജി.സി, ജംഷഡ്പൂർ എഫ്‌.സി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും നേടി. 2018-19 സീസണ് ഒടുവിലാണ് മെഹ്താബ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്ന് വിരമിക്കുന്നത്. 

Tags:    
News Summary - Former Blasters star Mehthab Hussain leaves BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.