പ്രതീകാത്മക ചിത്രം

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ് പാതയിൽ മൗജ്‌പൂരിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലെ ചെയിൻപുര സ്വദേശികളായ സന്തോഷ്, ഭാര്യ ശശി, മാതാവ് പാർവതി, മക്കളായ രഘാനി, സാക്ഷി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവർ വിനോദ് കുമാർ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. കാറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സി.എൻ.ജി വാഹനമായതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. കാറിനുള്ളിൽ കുടുങ്ങിയ അഞ്ചുപേർക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ ഡ്രൈവർ വിനോദ് കുമാർ വാഹനം ഓടുന്നതിനിടെ പുറത്തേക്ക് ചാടുകയായിരുന്നു.

വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തിയമർന്നിരുന്നു. കാറിൽനിന്നും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെടുക്കാനായതെന്ന് ഡി.എസ്.പി കൈലാഷ് ജിൻഡാൽ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

Tags:    
News Summary - Five killed as car catches fire in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.