മമതാ ബാനർജി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിദ്യാർഥി സംഘടനയുടെ (ടി.എം.സി.പി) റാലിക്കിടെ കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവുകൾ ലംഘിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊൽകത്ത പൊലീസ് സ്വമേധയാ കേസെടുത്തു. ഹസ്റ്റിങ്സ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച കൊൽക്കത്തയിലെ കത്തീഡ്രൽ റോഡിൽ നടന്ന തൃണമൂൽ കോൺഗ്രസ് ചാത്ര പരിഷദിന്റെ (ടി.എം.സി.പി) സ്ഥാപക ദിനാഘോഷ പരിപാടിയിൽ മമതാ ബാനർജി പങ്കെടുത്തു സംസാരിച്ചിരുന്നു. എന്നാൽ റോഡിന്റെ ഒരു വശം ഒഴിച്ചിടണമെന്ന ഹൈകോടതിയുടെ കർശന നിർദേശം ലംഘിച്ച് ഇരുവശങ്ങളും തടസ്സപ്പെടുത്തിയെന്നാണ് പൊലീസിന്റെ ആരോപണം. കൂടാതെ, കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞും പരിപാടി നീണ്ടുപോയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മമതാ ബാനർജിക്കും മറ്റ് സംഘാടർക്കുമെതിരെയാണ് നടപടി.
തന്റെ ഭരണകാലത്ത് പൊലീസ് ജനങ്ങൾക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും, എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം അതിനെ ക്രൂരമായ ഒരു സംവിധാനമാക്കി മാറ്റിയെന്നും മമത ബാനർജി ആരോപിച്ചു. തന്റെ അനുയായികൾക്കെതിരെയുള്ള "പൊലീസ് അതിക്രമങ്ങൾ" രാഖിബന്ധൻ ദിനത്തിലെ പ്രതിജ്ഞയെന്ന നിലയിൽ താൻ തടയുമെന്നും മമത വ്യക്തമാക്കി. ബംഗാളിൽ ബി.ജെ.പി ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ജനങ്ങളെ ഭയപ്പെടുത്താൻ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും അവർ കുറ്റപ്പെടുത്തി.
യോഗങ്ങൾ സംഘടിപ്പിക്കാൻ അനുമതി നിഷേധിച്ചുകൊണ്ട് ഭരണകൂടം ബുദ്ധിമുട്ടിക്കുമ്പോൾ, ഇനി മുതൽ കോടതിയുടെ സമയം പാഴാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മമത പറഞ്ഞു. "ഇനി മുതൽ ഞങ്ങൾ ആഗ്രഹിക്കുന്ന വേദികളിൽ യോഗങ്ങൾ നടത്തുന്നതിനായി നേരിട്ട് ജനങ്ങളുടെ അനുവാദം തേടും മമതാ ബാനർജി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്താണ് ബി.ജെ.പി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തട്ടിയെടുത്തത്. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ നിയമവിരുദ്ധമായി ഒഴിവാക്കിയാണ് അവർ വോട്ടുകൾ കവർന്നതെന്നും മമത കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് സുവേന്ദു അധികാരി സർക്കാരിനെയും അവർ കടന്നാക്രമിച്ചു. "നടപ്പാതകളിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ എനിക്ക് എതിർപ്പില്ല, പക്ഷെ അവർക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കണം. പുനരധിവാസം നൽകാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക് പ്രതിമാസം 25,000 രൂപ വീതം നഷ്ടപരിഹാരം നൽകണം," മമത ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.