ഭോപ്പാൽ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മധ്യപ്രദേശ് കോൺഗ്രസ് മീഡിയ വിഭാഗം മേധാവി പിയൂഷ് ബാബെലെക്കും ഐ.ടി മേധാവി അഭയ് തിവാരിക്കുമെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബി.ജെ.പി നേതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഭോപ്പാലിലെ എം.പി നഗർ ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ച് ഞായറാഴ്ച പരാതി നൽകിയിരുന്നു.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കമൽനാഥും കോൺഗ്രസ് പാർട്ടിയും ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് പാർട്ടി സംസ്ഥാന വക്താവ് പങ്കജ് ചതുർവേദിയും സംസ്ഥാന സഹമാധ്യമ ചുമതലയുള്ള നരേന്ദ്ര ശിവാജി പട്ടേലും ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ പറയുന്നു. ഭാരത് ജോഡോ യാത്രയുടെ മറവിൽ രാജ്യത്തിന്റെ സമാധാനം തകർക്കാനാണ് യാത്രയിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
മധ്യപ്രദേശിലെ ഖണ്ട്വയിലെ ധൻഗാവ് ഗ്രാമത്തിൽ യാത്ര എത്തിയപ്പോൾ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി. സംഭവത്തിന്റെ വിഡിയോ റെക്കോർഡ് ചെയ്ത് നവംബർ 25ന് മധ്യപ്രദേശ് കോൺഗ്രസ് ട്വിറ്ററിൽ പങ്ക് വെച്ചിരുന്നു. എന്നാൽ, കുറച്ച് സമയത്തിന് ശേഷം വിഡിയോ ഡിലീറ്റ് ചെയ്തു- പരാതിയിൽ ആരോപിക്കുന്നു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമൽനാഥ് എന്നിവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യമുണ്ട്. െഎ.പി.സി 153-ബി, 504, 505(1), 505(2), 120-ബി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുക്കുന്നത്.
അതേസമയം, പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്ന വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്ന കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ ചത്തീസ്ഖഢ് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.മധ്യപ്രദേശ് സ്വദേശിയായ സത്യപ്രകാശ് തിവാരിക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.