‘ധുരന്ധറി’ന് വിമർശനവും അഭിനന്ദനവും; ചിത്രത്തിൽ കാണിക്കുന്ന പോലെ മാത്രമല്ല രാജ്യസേവനമെന്ന് അഭിപ്രായപ്പെട്ട് ശശി തരൂർ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ ‘ധുരന്ധർ’ സിനിമയെക്കുറിച്ച് നടത്തിയ അവലോകനം ചർച്ചയാകുന്നു.
ചിത്രത്തിൽ ധാരാളം പ്രൊപ്പഗൻഡയും അടിയും ഇടിയും അക്രമവുമൊക്കെയുണ്ടെങ്കിലും, കഥയും പ്ലോട്ട് ട്വിസ്റ്റുകളും അത്യുഗ്രനാണെന്നാണ് തരൂരിന്റെ അഭിപ്രായം. ഒന്നാം ഭാഗത്തേക്കാൾ രണ്ടാം ഭാഗമാണ് കൂടുതൽ മികച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, സിനിമയിൽ കാണിക്കുന്ന പോലെ മാത്രമാണ് രാജ്യത്തെ സേവിക്കാൻ കഴിയുന്നതെന്ന് താൻ കരുതുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ‘ധുരന്തർ വാച്ച് ആൻഡ് പാർട്ടി’ എന്ന ആറ് മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് തരൂർ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. തിരുവനന്തപുരത്തെ വീട്ടിൽ ജോലിക്കാർക്കൊപ്പം സിനിമ കാണുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
രണ്വീര് സിങ് നായകനായി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ ബോക്സോഫിസിൽ വൻ വിജയമാണ് നേടിയത്. ‘ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാത്ത കാര്യം ഇതിലെ അക്രമമാണ്. അത് അതിരുകടന്നതായിരുന്നു. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്തത്ര ഭീകരമായ രീതിയിലുള്ള രക്തച്ചൊരിച്ചിലും ക്രൂരതയും ഇതിലുണ്ട്. അത്രയധികം ഹിംസ കാണിക്കേണ്ട ഒരുകാര്യവുമില്ലായിരുന്നു. അതുപോലെ ചിത്രത്തിൽ പ്രൊപ്പഗാൻഡക്കും ഒരു കുറവുമില്ല’ -ശശി തരൂർ പറഞ്ഞു.
ചിത്രത്തിൽ വ്യക്തമായ രീതിയിൽ ചില പ്രൊപ്പഗാൻഡ ഘടകങ്ങൾ കുത്തിനിറച്ചിട്ടുണ്ട്. പാകിസ്ഥാൻ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിൽ പലതും ഈ ചിത്രം നിരോധിച്ചിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഇന്ത്യക്കാർക്കും പാകിസ്ഥാനികൾക്കുമിടയിൽ ഇത് അനാവശ്യമായ ശത്രുത വളർത്തുമെന്ന കാരണത്താലാകാം ഈ നിരോധനം. ആ രാജ്യങ്ങളുടെ ആ വികാരവും എനിക്ക് മനസ്സിലാക്കാൻ സാധിക്കും. ചിത്രം കണ്ടാൽ പാകിസ്ഥാനികൾ എങ്ങനെ പ്രതികരിക്കുമെന്ന് തനിക്കറിയില്ലെന്നും തരൂർ പറഞ്ഞു.
ചില സംഭാഷണങ്ങളും രംഗങ്ങളും കാണുമ്പോൾ പാകിസ്ഥാനികൾക്ക് ചിരിവന്നേക്കാം. എന്നാൽ, മറ്റു ചില രംഗങ്ങളിലൂടെ തങ്ങളുടെ പേരിൽ എത്ര വലിയ തെറ്റുകളാണ് ചെയ്തുകൂട്ടിയതെന്ന് അവർ തിരിച്ചറിയുമെന്ന് ഞാൻ കരുതുന്നു.
ചിത്രത്തിലെ അജയ് സന്യാൽ എന്ന വേഷത്തിൽ അഭിനയിച്ച ആർ. മാധവന്റെ ഈ കഥാപാത്രത്തെക്കുറിച്ചും വിലയിരുത്തലുകൾ നടത്തി. ഈ കഥാപാത്രം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തരൂർ അഭിപ്രായപ്പെട്ടു.
‘1998 മുതൽ ഇന്നുവരെ അജിത് ഡോവൽ മാത്രം ഒരേ സ്ഥാനത്ത് തുടരുന്നില്ലല്ലോ. ബ്യൂറോക്രസി ഒരിക്കലും അങ്ങനെ പ്രവർത്തിക്കില്ല. കാലഘട്ടത്തിനനുസരിച്ച് ദേശീയ സുരക്ഷാ സംവിധാനങ്ങളിൽ വ്യത്യസ്തരായ വ്യക്തികൾ വന്നിട്ടുണ്ട്. ഇതൊരു ഫിക്ഷൻ സിനിമയായതുകൊണ്ട് മാത്രമാണ് സംവിധായകൻ എല്ലാത്തിലും ഒരു കഥാപാത്രത്തെ മാത്രം കാണിച്ചത്. ഇത് യഥാർഥ ജീവിതമാണെന്ന് കരുതിയാൽ അത് അതിശയോക്തിയായി തോന്നും’ -അദ്ദേഹം വ്യക്തമാക്കി.
കഥ മുന്നോട്ട് കൊണ്ടുപോയ രീതി വളരെ നന്നായിട്ടുണ്ട്. സെറ്റുകൾ, ഡിസൈൻ, സംവിധാനം തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും താൻ എ പ്ലസ് മാർക്ക് നൽകും. രണ്ട് ഭാഗങ്ങളിലുമായി ഏകദേശം എട്ട് മണിക്കൂർ നീളുന്ന ഈ ചിത്രം കാണുമ്പോൾ മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുക.
ചിത്രത്തിൽ വില്ലന്മാരായി എത്തിയ അക്ഷയ് ഖന്നയുടെയും അർജുൻ രാംപാലിന്റെയും പ്രകടനങ്ങൾ അവിശ്വസനീയമാംവിധം മികച്ചതാണെന്നും തരൂർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.