അറസ്റ്റ് അന്യായമെന്ന് കോടതി, വായ്പാ തട്ടിപ്പ് കേസിൽ ചന്ദ ​കൊച്ചാറും ഭർത്താവും ജയിൽ മോചിതരായി

മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിന്റെയും ഭർത്താവ് ദീപക് കൊച്ചാറിന്റെയും അറസ്റ്റ് അന്യായമാണെന്ന് കോടതി കണ്ടെത്തി ജാമ്യം അനുവദിച്ചതിനു പിന്നാലെ ഇരുവരും ജയിൽ മോചിതരായി. ഐ.സി.ഐ.സി.ഐ വീഡിയോകോൺ തട്ടിപ്പ് കേസിൽ ഡിസംബർ 23നാണ് ഇരുവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. ജനുവരി 15ന് ഇവരുടെ മകന്റെ വിവാഹമാണ്. അതിനു മുന്നോടിയായാണ് ജാമ്യം ലഭിച്ചത്.

നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ അറസ്റ്റ് നടന്നതിന് കാരണം ബോധിപ്പിക്കേണ്ടതുണ്ടെന്നും അത് വ്യക്താക്കിയിട്ടി​ല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ കുറ്റസമ്മതം നടത്തുന്നില്ലെന്നതുകൊണ്ടു മാത്രം അവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പറയാനാകില്ലെന്നും ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞിരുന്നു.

വായ്പ തട്ടിപ്പ് കേസിൽ തങ്ങളുടെ അറസ്റ്റ് അന്യായമാണെന്ന് കൊച്ചാർ ദമ്പതികൾ കോടതിയിൽ നേരത്തെഎ വാദിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ സെക്ഷൻ 17 A അനുമതി ആവശ്യമാണ്. എന്നാൽ ഒരു അനുമതിയുമില്ലാതെയാണ് ഏജൻസികൾ അന്വേഷണം നടത്തുന്നതെന്നും ഇവർ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ അറസ്റ്റ് ആവശ്യമല്ലെന്നുമുള്ള ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ചന്ദ കൊച്ചാർ മേധാവിയായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നിയമങ്ങളും റിസർവ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വിഡിയോകോൺ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും ഇതിനുപുറകെ വിഡിയോകോൺ ചന്ദയുടെ ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ നൽകിയെന്നുമാണ് കേസ്.

വിഡിയോകോൺ ഗ്രൂപ് മേധാവി വേണുഗോപാൽ ദൂതും ഗ്രൂപ്പിനു കീഴിലെ കമ്പനികളും ദീപക് കൊച്ചാറിന്റെ കമ്പനികളും കേസിൽ പ്രതികളാണ്. ഗൂഢാലോചനക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് കേസ്.

Tags:    
News Summary - Ex-ICICI Bank CEO Chanda Kochhar Leaves Jail Day After Court Relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.