ന്യൂഡൽഹി: അംഗൻവാടി ജീവനക്കാർ, ആശ വർക്കർമാർ, സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയിലെ ജീവനക്കാർ എന്നിവർക്ക് ഇ.പി.എഫ് പരിരക്ഷ ഏർപ്പെടുത്തണമെന്ന ദീർഘകാല ആവശ്യം യാഥാർഥ്യത്തിലേക്ക്. ഇവരെ ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ഡൽഹിയിൽ ചേർന്ന ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് യോഗത്തിൽ ധാരണയായി. ഇതുസംബന്ധിച്ച നിർദേശം ഇ.പി.എഫ്.ഒ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് സമർപ്പിക്കും. തൊഴിൽ  മന്ത്രാലയം വിജ്ഞാപനം ഇറക്കുന്നതോടെ തീരുമാനം പ്രാബല്യത്തിലാകും.കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് അംഗൻവാടി ജീവനക്കാരുടെ എണ്ണം 14 ലക്ഷത്തിലേറെയാണ്. സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയിൽ 25 ലക്ഷത്തോളം പേരും േജാലി ചെയ്യുന്നു. ഗ്രാമീണ ആരോഗ്യ മേഖലയിൽ ആശ വർക്കർമാരായും സമാനമായ എണ്ണം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇ.പി.എഫ് അടക്കമുള്ള സാമൂഹിക സുരക്ഷ പദ്ധതികൾ ആവശ്യപ്പെട്ട് ഇവർ ഏറെ നാളായി സമരമുഖത്താണ്. എന്നാൽ, ഇവരുടെ ഇ.പി.എഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതം ആരാണ് അടക്കുകയെന്ന കാര്യത്തിൽ  ധാരണയായിട്ടില്ല.

തൊഴിൽ  മന്ത്രാലയം വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പ് ഇക്കാര്യത്തിൽ ധാരണയാകേണ്ടതുണ്ട്. ഇ.പി.എഫ് പദ്ധതിയിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള കാമ്പയിൻ ഏപ്രിൽ ഒന്നു മുതൽ മൂന്നു മാസത്തേക്കുകൂടി നീട്ടാനും യോഗം തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി 2016 ഏപ്രിലിനു ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ ഇ.പി.എഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തിൽ 8.33 ശതമാനം മൂന്നു വർഷത്തേക്ക് കേന്ദ്രം നൽകുന്നത് ഉൾപ്പെടെയുള്ള  ഇളവ് തുടരും.

കൂടുതൽ തൊഴിലാളികളെ ഇ.പി.എഫിൽ ചേർക്കാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഇ.പി.എഫിലേക്കുള്ള വിഹിതം സ്വകാര്യ ബാങ്കുകളിലൂടെയും ഒാൺലൈൻ വഴിയും അടക്കാൻ സൗകര്യം ഏർപ്പെടുത്തും. നിലവിൽ ദേശസാത്കൃത ബാങ്കുകൾ വഴി മാത്രമാണ് ഇ.പി.എഫ് ഇടപാട് നടക്കുന്നത്.

ഇ.പി.എഫ് നിയമത്തിൽ ഇളവ് ലഭിക്കുന്ന വിവിധ ട്രസ്റ്റുകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾക്ക് ഇളവ് തുടരുന്നതിന് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി. 500 തൊഴിലാളികളും 100 കോടി ആസ്തിയുമുള്ള  സ്ഥാപനങ്ങൾക്ക് മാത്രമാകും ഇനി ഇളവ് ലഭിക്കുക.

ഇ.പി.എഫ് പദ്ധതിക്കുള്ള ശമ്പള പരിധി 25,000 ആയി ഉയർത്തുന്നതു സംബന്ധിച്ച നിർദേശം യോഗത്തി​െൻറ അജണ്ടയിലുണ്ടായിരുന്നു.  എന്നാൽ, സമയക്കുറവ് കാരണം ഇക്കാര്യത്തിൽ ചർച്ച നടന്നില്ല.

Tags:    
News Summary - EPF for anganvadi workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.