അശോക് ഗെഹ്ലോട്ടിന്റെ മകനോട് ഹാജരാകാൻ ഇ.ഡി

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മക​ന് സമൻസയച്ച് ഇ.ഡി. വിദേശ വിനിമയ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് വൈഭവ് ഗെഹ്ലോട്ടിനോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെമ നിയമപ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒക്ടോബർ 27ന് ജയ്പൂരിലെത്തി ഇ.ഡിക്ക് മുമ്പാകെ ഹാജരാവണമെന്നാണ് സമൻസ്.

കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റിൽ ജയ്പൂർ, ഉദയ്പൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഫെമ നിയമപ്രകാരം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രിറ്റൺ ഹോട്ടൽസ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു പരിശോധന. സ്ഥാപനത്തിന്റെ ഡയറക്ടറായ രത്തൻ കാന്ത് ശർമ്മ, വൈഭവിന്റെ വ്യാപാര പങ്കാളിയാണെന്നാണ് ഇ.ഡി പറയുന്നത്.

രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. ഗോവിന്ദ് സിങ് ഡോട്ടസ്രയുടെ വീട്ടിലാണ് പരിശോധന. സർക്കാർ അധ്യാപക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ ചോർച്ച കേസിലാണ് പരിശോധന. ഡോട്ടസ്രയുടെ വസതിക്ക് പുറമേ മറ്റ് ആറിടങ്ങളിലും പരിശോധന തുടരുന്നുവെന്നാണ് വിവരം.

കോൺഗ്രസ് എം.എൽ.എ ഓം പ്രകാശ് ഹുദ്‍ലയുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. ജയ്പൂർ, ദൗസ, സികാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് റെയ്ഡ്. രാജസ്ഥാനിലെ ലാച്ചമാൻഗാർഹ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയാണ് ഡോട്ട്സ്ര. ഹുദ്‍ല മഹാവ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ്.

Tags:    
News Summary - Enforcement Directorate summons Ashok Gehlot's son in foreign exchange violation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.