ഹൈദരാബാദ്: രാമനവമി ദിനത്തിൽ ക്ഷേത്രത്തിൽ പട്ടുവസ്ത്രങ്ങൾ സമർപ്പിക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല. തെരഞ്ഞെടുപ്പ് കമീഷനാണ് അനുമതി നിഷേധിച്ചത്. ബദ്രാചലം ക്ഷേത്രത്തിൽ രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പട്ടുവസ്ത്രങ്ങളും മുത്തുകളും സമർപ്പിക്കാനായിരുന്നു രേവന്ദ് റെഡ്ഡിയുടെ പദ്ധതി. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി കമീഷൻ അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാൽ, ക്ഷേത്രത്തിലെ സീതാരാമസ്വാമി കല്യാണ ആഘോഷം ലൈവ് ആയി ടെലികാസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ അപേക്ഷ കമീഷൻ അംഗീകരിച്ചിട്ടുണ്ട്. ഏപ്രിൽ 17നാണ് ക്ഷേത്രത്തിൽ സീതാരാമസ്വാമി കല്യാണം നടക്കുന്നത്.
ലൈവ് ടെലികാസ്റ്റിന് അനുമതി തേടി തെലങ്കാന മന്ത്രി സുരേഖ ഏപ്രിൽ 15ന് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിരുന്നു. തുടർന്ന് ഈ അപേക്ഷ പരിഗണിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ലൈവ് ടെലികാസ്റ്റിന് അനുമതി നൽകുകയായിരുന്നു.
മെയ് 13ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലാണ് തെലങ്കാനയിലെ 17 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. കെ.ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസും കോൺഗ്രസും തമ്മിലാണ് തെലങ്കാനയിൽ പ്രധാന പോരാട്ടം. നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറങ്ങുന്നത്. സംസ്ഥാനത്ത് സ്വാധീനം വർധിപ്പിക്കാനുള്ള സാധ്യതകളാണ് ബി.ജെ.പി നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.