ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒമ്പതിന്; ആഗസ്റ്റ് 21 വരെ നാമനിർദേശ പത്രിക സമർപ്പണം

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. സെപ്റ്റംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. ആഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അറിയിച്ചു. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25 ആണ്. വോട്ടെടുപ്പ് നടക്കുന്ന അതേ ദിവസമായ സെപ്റ്റംബർ ഒമ്പതിന് തന്നെ പുതിയ ഉപരാഷ്ട്രപതിയെയും പ്രഖ്യാപിക്കും.

വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി 2022 ആഗസ്റ്റിൽ ഇന്ത്യയുടെ 16ാമത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ജഗ്ദീപ് ധൻകർ ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിനു പിന്നാലെ ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി ജൂലായ് 21നാണ് സ്ഥാനം രാജിവെച്ചത്. ഇതേ തുടർന്നാണ് രാജ്യം വീണ്ടും അപ്രതീക്ഷിത തെര​ഞ്ഞെടുപ്പിലേക്ക്  നീങ്ങുന്നത്.

പാർലമെന്റ് വർഷകാല സമ്മേളനം ചേരാനിരിക്കെയായിരുന്നു രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിയുടെ നാടകീയ രാജി. ജൂലായ് 21ന് വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടികാഴ്ച നടത്തിയതിനു പിന്നാലെ, രാത്രിയോടെ സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു രാജി പ്രഖ്യാപനം. ആരോഗ്യകാരണങ്ങളാലാണെന്ന് വിശദീകരിച്ചുവെങ്കിലും അപ്രതീക്ഷത രാജ്യ ഏറെ അഭ്യൂഹങ്ങൾക്കും വഴിവെച്ചു.  മൂന്നുവർഷത്തോളമായി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപദവി വഹിക്കുന്നു. പദവിയിലിരിക്കെ രാജി വെക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയുമാണ് അദ്ദേഹം.
ധന്‍കറിന്റെ രാജിയോടെ ആരാകും അടുത്ത ഉപരാഷ്ട്രപതിയെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് എങ്ങനെ

തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി കുറിച്ചതോടെ ഇനി രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി ആരെന്നറിയാനുള്ള കാത്തിരിപ്പ്. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ഭരണ കക്ഷിയായ എൻ.ഡി.എക്ക് വെല്ലുവിളിയില്ല. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കും. പൊതുസമ്മതനായ സ്ഥനാർത്ഥി വേണമെന്ന് പ്രതിപക്ഷമായ ഇൻഡ്യ മുന്നണിയിലെ വിവിധ കക്ഷികൾ ഇതിനകം ആവശ്യമുന്നയിച്ചിരുന്നു.
ലോക്സഭയിലെയും രാജ്യസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യുന്നത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അർഹതയുണ്ട്. രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ്. 
കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന ശശി തരൂർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ​മുൻ ഗോവ ഗവർണറും കേരളത്തിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമായ ​പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയ വിവിധ പേരുകൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇതിനകം ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ നേതൃത്വങ്ങൾ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - EC announces schedule for Vice President's election, polling on September 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.