കാത്തിരുന്നു കാണാം...; തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പശ്ചിമ ബംഗാളിൽ സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കാനാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. സംസ്ഥാനത്തെ 42 സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. തൃമണൂൽ നീക്കം ഇൻഡ്യ സഖ്യത്തിന് തിരിച്ചടിയാണ്.

പശ്ചിമ ബംഗാളിൽ തൃണമൂലുമായി മാന്യമായ സീറ്റ് പങ്കിടൽ കരാർ ആഗ്രഹിച്ചിരുന്നെന്നും ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. ‘ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല, ചർച്ചകളിലൂടെയാണ് ഇത്തരമൊരു കരാറിന് അന്തിമരൂപം നൽകേണ്ടതെന്ന നിലപാടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്. ബി.ജെ.പിക്കെതിരെ ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്’ -പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.

യു.പിയിൽ സമാജ് വാദി പാർട്ടിയുമായും ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായും തമിഴ്നാട്ടിൽ ഡി.എം.കെയുമായും കോൺഗ്രസ് ഇതിനകം മത്സരിക്കുന്ന സീറ്റുകളിൽ ധാരണയിലെത്തിയിട്ടുണ്ട്. ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസുമായും മഹാരാഷ്ട്രയിൽ മഹാവികാസ് ആഘാഡിയുമായും സഖ്യത്തിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബംഗാളിൽ ചർച്ചകൾക്കുള്ള വഴി തുറന്നിട്ടിരിക്കെയാണ് തൃണമൂൽ മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, പശ്ചിമ ബംഗാളിൽ ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്താനാണ് ആഗ്രഹിച്ചത്. ഇൻഡ്യ മുന്നണിക്കൊപ്പമാണെന്നും പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നുമാണ് മമത ബാനർജി ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മുഴുവൻ സ്ഥാനാർഥികളെയും അവർ പ്രഖ്യാപിച്ചു. കാരണം എന്താണെന്ന് അറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം’ -ജയ്റാം രമേശ് എക്സിൽ കുറിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിൽ നിന്നും ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണ നഗറിൽ നിന്നും മത്സരിക്കും. മുൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ ബഹറംപൂരിൽ നിന്നാണ് ജനവിധി തേടുക.

Tags:    
News Summary - Don’t know what pressure TMC had - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.