ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് ഇന്ത്യയിൽ; താജ്മഹലും അക്ഷർധാം ക്ഷേത്രവും സന്ദർശിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് ഇപ്പോൾ ഇന്ത്യ സന്ദർശനത്തിലാണ്. തന്റെ ഭർത്താവും വ്യവസായിയുമായ മൈക്കൽ ബൂലോസിനും ഏതാനും സുഹൃത്തുക്കൾക്കും ഒപ്പമാണ് ടിഫാനി ഈ സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ഡൽഹിയിലെ പ്രശസ്തമായ അക്ഷർധാം ക്ഷേത്രവും, ആഗ്രയിലെ ലോകപ്രശസ്തമായ താജ്മഹലും ഇവർ സന്ദർശിച്ചു. ക്ഷേത്ര സന്ദർശനത്തിന് ശേഷം ടിഫാനി താൻ എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

വെള്ളിയാഴ്ച ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ എത്തിയ ടിഫാനിയെയും സംഘത്തെയും അവിടുത്തെ അധികൃതർ ആദരവോടെയാണ് സ്വീകരിച്ചത്. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ക്ഷേത്രം അധികൃതർ ഈ സന്ദർശനത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചു. "സംസ്കാരവും പൈതൃകവും തേടിയുള്ള മനോഹരമായ ഒരു ദിവസം. ടിഫാനി ട്രംപിനെയും മൈക്കൽ ബൂലോസിനെയും അവരുടെ സുഹൃത്തുക്കളെയും ഡൽഹിയിലെ ബി.എ.പി.എസ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്" എന്ന് അവർ കുറിച്ചു.

അക്ഷർധാം ക്ഷേത്ര സന്ദർശനത്തിന് ശേഷം ശനിയാഴ്ച രാവിലെ ടിഫാനിയും ഭർത്താവും ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചു. ആഗ്രക്ക് ശേഷം ഇവർ ജയ്സാൽമീറിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ സന്ദർശനം തികച്ചും സ്വകാര്യമാണെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് അടക്കമുള്ള അധികൃതർ ഒരുക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ഇവരെ സ്വാഗതം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരുന്നു.

ഡൊണാൾഡ് ട്രംപിന്റെയും മുൻ ഭാര്യ മാർല മെയ്പ്പിളിന്റെയും മകളാണ് ടിഫാനി ട്രംപ്. 2020-ൽ ജോർജ്ജൗൺ യൂണിവേഴ്സിറ്റി ലോ സെന്ററിൽ നിന്ന് നിയമബിരുദം നേടിയ ടിഫാനി, 2022 നവംബർ 12-നാണ് അമേരിക്കൻ-ലെബനീസ് വംശജനായ മൈക്കൽ ബൂലോസിനെ വിവാഹം കഴിച്ചത്.

Tags:    
News Summary - Donald Trump's daughter Tiffany Trump in India; Visits Taj Mahal and Akshardham Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.