മാണ്ഡി: ഹിമാചൽ പ്രദേശിൽ അതിശക്തമായ മഴ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിലിനും, വെള്ളപ്പൊക്കത്തിനും കാരണമായി. നിരവധിപേർക്ക് ജീവൻ നഷ്ട്ടപെട്ടു. ഒരു നായയുടെ കുര 20 കുടുംബങ്ങളിൽ നിന്നുള്ള 67പേരുടെ ജീവൻ രക്ഷിക്കുന്നതിന് കാരണമായി എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്.
ജൂൺ 30 ന് അർദ്ധരാത്രി തുടങ്ങിയ മഴ മാണ്ഡിയിലെ ധരംപൂർ പ്രദേശത്തെ പൂർണമായും തകർത്തു. ശക്തമായി മഴ പെയ്യുന്നതിനിടെ രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ ഉറക്കെ കുരക്കുകയും ഓരിയിടുകയും ചെയ്തതോടെ വീട്ടുകാർ ഉണരുകയായിരുന്നു.
'നായ കുരക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ശബ്ദം കേട്ട് നായയുടെ അടുത്തേക്ക് പോയപ്പോൾ വീടിന്റെ ചുമരിൽ വലിയ വിള്ളൽ കണ്ടു. അതിലൂടെ വെള്ളം അകത്തുകടക്കാൻ തുടങ്ങിയിരുന്നു. ഞാൻ നായയുമായി താഴേക്ക് ഓടുകയും എല്ലാവരെയും വിളിച്ചു ഉണർത്തുകയും ചെയ്തു'. പ്രദേശവാസിയായ നരേന്ദ്ര പറഞ്ഞു.
പിന്നീട് നരേന്ദ്ര ഗ്രാമത്തിലെ മറ്റുള്ളവരെ വിളിച്ചുണർത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു.കുറച്ചു സമയത്തിന് ശേഷം ഗ്രാമത്തിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും നിരവധി വീടുകൾ നഷ്ട്ടപ്പെടുകയും ചെയ്തു. ഇപ്പോൾ ഗ്രാമത്തിൽ നാലഞ്ച് വീടുകൾ മാത്രമേ അവശേഷിക്കുന്നുള്ളു.
ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ കഴിഞ്ഞ ഏഴ് ദിവസമായി ട്രിയമ്പാല ഗ്രാമത്തിലെ നൈന ദേവി ക്ഷേത്രത്തിലാണ് താമസിക്കുന്നത്. ജൂൺ 20ന് ആരംഭിച്ച കാലവർഷം കാരണം ഇതുവരെ ഹിമാചൽ പ്രദേശിൽ 78 പേർ മരിക്കുകയും മുപ്പതോളം പേരെ കാണാതാവുകയും ചെയ്തു. ഇതിൽ 50 പേർ പ്രകൃതി ദുരന്തങ്ങളിലും 28 പേർ റോഡപകടങ്ങളിലും മരിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്.
മേഘവിസ്ഫോടനങ്ങൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. വെള്ളപ്പൊക്കം കാരണം നിരവധി റോഡുകൾ തകർന്ന് ഗതാഗത യോഗ്യമല്ലാതായി. സർക്കാറിൽനിന്നും ഇവർക്ക് പതിനായിരം രൂപ സഹായം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.