മയക്കുമരുന്നിന് അടിമയായ യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്ത സാധനങ്ങൾ
ലഖ്നോ: 19 ടൂത്ത് ബ്രഷുകൾ, 29 സ്പൂണുകൾ, രണ്ട് പേനകൾ...സ്റ്റേഷനറിക്കടയിലെ സാധനങ്ങളെ കുറിച്ചാണ് പറയുന്നത് എന്ന് കരുതാൻ വരട്ടെ. മയക്കുമരുന്നിന് അടിമയായ ചെറുപ്പക്കാരന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ കണ്ടെടുത്ത സാധനങ്ങളുടെ പട്ടികയാണിത്.
കടുത്ത വയറുവേദനയെ തുടർന്നാണ് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന യു.പി സ്വദേശിയായ സച്ചിൻ എന്ന യുവാവിനെ ദേവനന്ദിനി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അൾട്രാസൗണ്ട് പരിശോധനയിൽ യുവാവിന്റെ വയറ്റിൽ അസാധാരണമായ ചില സാധനങ്ങളുള്ളതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഈ സാധനങ്ങൾ സച്ചിന്റെ വയറ്റിൽ നിന്ന് മാറ്റുകയായിരുന്നു.
രണ്ട് പേനകൾ, 19 ടൂത്ത് ബ്രഷുകൾ, 29 സ്പൂണുകൾ എന്നിവയാണ് കണ്ടെടുത്തതെന്ന് ആശുപത്രി ചെയർമാൻ ഡോ. ശ്യാം കുമാർ പറഞ്ഞു. ഡി-അഡിക്ഷൻ സെന്ററിലെ ചികിത്സക്കിടെ മയക്കുമരുന്ന് കിട്ടാതെ വന്നപ്പോൾ ഈ സാധനങ്ങളെല്ലാം സച്ചിനെടുത്ത് വിഴുങ്ങുകയായിരുന്നുവെന്നാണ് ഡോക്ടർമാർ കരുതുന്നത്.
സെപ്റ്റംബർ 17നാണ് ശസ്ത്രക്രിയ നടന്നത്. ഒരുമാസം മുമ്പാണ് യുവാവ് ഗാസിയാബാദിലെ ലഹരി വിരുദ്ധ കേന്ദ്രത്തിൽ ചികിത്സക്കെത്തിയത്.
ഇത്തരം സാധനങ്ങൾ വിഴുങ്ങുന്നത് ഒരു പ്രത്യേക തരം മാനസിക പ്രശ്നമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഡീ-അഡിക്ഷൻ സെന്ററിലെ ജീവനക്കാർ തന്നോട് മോശമായി പെരുമാറിയതായും ഭക്ഷണം തന്നിരുന്നില്ലെന്നും ശസ്ത്രക്രിയക്ക് ശേഷം യുവാവ് പറഞ്ഞു. ഭക്ഷണം കിട്ടാതെ വന്നപ്പോൾ വല്ലാതെ ദേഷ്യം തോന്നി. ഒപ്പം നിസ്സഹായതയും. തുടർന്നാണ് സ്വയം വേദനിപ്പിക്കുന്നതിനായി ഇത്തരം വസ്തുക്കൾ വസ്തുക്കൾ വിഴുങ്ങാൻ തുടങ്ങിയത്.
ഇംപൾസ് കൺട്രോൾ ഡിസോർഡർ എന്നാണ് ഡോക്ടർമാർ ഈ മാനസികാവസ്ഥയെ വിളിക്കുന്നത്. കടുത്ത ട്രോമയിലൂടെയും മാനസിഘാതത്തിലൂടെയും മാനസിക രോഗങ്ങളിലൂടെയും കടന്നുപോകുന്നവരിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. സങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയയാണ് നടന്നത്. അൾട്രാസൗണ്ട് സ്കാനിങ്ങിൽ ഇത്തരം സാധനങ്ങൾ കണ്ടപ്പോൾ, ശസ്ത്രക്രിയ വഴിയല്ലാതെ ഇത് പുറത്തെടുക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി. യുവാവിന്റെ ജീവൻ രക്ഷിക്കുന്നതായിരുന്നു ഏറ്റവും പ്രധാനം. അതിനാൽ ഒട്ടും സമയം പാഴാക്കാതെ അവർ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ആന്തരാവയവങ്ങൾക്ക് ഒരുകേടുപാടും പറ്റാതെ അതീവ ശ്രദ്ധയോടെയാണ് യുവാവിന്റെ വയറ്റിൽ നിന്ന് ഓരോ സാധനങ്ങളും പുറത്തെടുത്തത്. സാധനങ്ങളുടെ എണ്ണം കണ്ട് ആദ്യം ഡോക്ടർമാർ ഞെട്ടിപ്പോയി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ചികിത്സക്കു ശേഷം യുവാവ് ആശുപത്രി വിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.