വിവാഹ ചടങ്ങിൽ നിന്ന്

സ്വന്തമായി സഹോദരിയില്ല, പകരം സഹോദര സ്ഥാനത്ത് നിന്ന് 101 പെൺകുട്ടികളുടെ വിവാഹം നടത്തി; ഇത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കഥ

ഷാജഹാൻപൂർ: സ്വന്തമായി ഒരു സഹോദരിയില്ലെന്ന സങ്കടം മായ്ക്കാൻ നിർധനരായ 101 യുവതികളുടെ സഹോദരനായി മാറി അവരുടെ വിവാഹം ആഘോഷപൂർവ്വം നടത്തിക്കൊടുത്ത് ഉത്തർപ്രദേശിലെ വ്യവസായി. ഷാജഹാൻപൂരിൽ ലഘുഭക്ഷണ ബിസിനസ്സ് നടത്തുന്ന വിനയ് അഗർവാളാണ് മത-ജാതി വ്യത്യാസങ്ങൾക്കതീതമായി 101 നിർധന പെൺകുട്ടികളുടെ മാംഗല്യത്തിന് തണലായത്.

കഴിഞ്ഞ ഞായറാഴ്ച ഷാജഹാൻപൂരിലെ ഖിർണി ബാഗിൽ വെച്ചാണ് അപൂർവ്വവും മനോഹരവുമായ സമൂഹവിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് കടബാധ്യതകളില്ലാതെ മാന്യമായി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാൻ ചടങ്ങ് വഴിയൊരുക്കി.

രണ്ട് വ്യത്യസ്ത സമുദായങ്ങളുടെ സഹോദര്യം വിളംബരം ചെയ്യുന്നതായിരുന്നു മാംഗല്യച്ചടങ്ങ്. 93 ഹിന്ദു പെൺകുട്ടികളുടെയും 8 മുസ്‌ലിം പെൺകുട്ടികളുടെയും വിവാഹങ്ങൾക്കാണ് ഷാജഹാൻപൂരിലെ ഖിർണി ബാഗ് സാക്ഷ്യം വഹിച്ചത്. 93 ഹിന്ദു പെൺകുട്ടികളുടെ വിവാഹം വേദാചാരപ്രകാരവും, 8 മുസ്‌ലിം പെൺകുട്ടികളുടെ നികാഹ് ഇസ്ലാമിക മതാചാരപ്രകാരം ഖാസിമാരുടെ നേതൃത്വത്തിലുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. വധുക്കൾക്കായി ബ്യൂട്ടി പാർലറുകളിൽ ചടങ്ങുകൾക്കായി ഒരുങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. തുടർന്ന് 101 ജോഡികളെയും 101 ആഡംബര കാറുകളിലായി പന്തലിലേക്ക് ആനയിച്ചു. വർണ്ണാഭമായ പന്തലിൽ വധൂവരന്മാരുടെ കുടുംബാംഗങ്ങൾ ഒന്നിച്ച് അണിനിരന്നിരുന്നു.

2018ലാണ് ആദ്യമായി വിനയ് അഗർവാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളുടെ വിവാഹത്തിന് സഹായം നൽകാൻ തുടങ്ങിയത്. പിന്നീട് വർഷം തോറും ഇത് തുടർന്നുപോന്നു. ചെറുപ്പം മുതലേ സ്വന്തമായി ഒരു സഹോദരിയില്ലെന്ന കുറവ് വിനയ് അഗർവാളിനെ അലട്ടിയിരുന്നു. ക്ഷണിക്കപ്പെടാത്ത കല്യാണങ്ങളിൽ പോലും എത്തി സഹായങ്ങൾ എത്തിച്ചിരുന്ന വിനയ് അഗർവാളിനോട്, അമ്മ സരോജ് അഗർവാളാണ് സംഘടിത രീതിയിൽ ഇത് ചെയ്യാൻ നിർദ്ദേശിച്ചത്. തുടർന്ന്, 2023ൽ 11 പെൺകുട്ടികളുടെ വിവാഹം നടത്തിയ വിനയ് അഗർവാൾ 2024ൽ 21 പെൺകുട്ടികളുടെയും 2025ൽ 51 പെൺകുട്ടികളുടെയും വിവാഹം നടത്തിയിരുന്നു.

ഈ വർഷമാണ് 101 നിർധന പെൺകുട്ടികളുടെ വിവാഹം വിനയ് അഗർവാൾ നടത്തിയത്. വരും വർഷങ്ങളിൽ വിവാഹങ്ങളുടെ എണ്ണം കുറയില്ലെന്നും ഇനിയും കൂടുതൽ പെൺകുട്ടികൾക്ക് തണലാകുമെന്നും വിനയ് അഗർവാൾ വ്യക്തമാക്കുന്നു. അന്തരിച്ച പിതാവ് അശോക് അഗർവാളിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാമനവമി സമയത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.

പൂർണ്ണമായും സ്വന്തം ചെലവിൽവെറുമൊരു ചടങ്ങ് നടത്തുക മാത്രമല്ല, ആ പെൺകുട്ടികൾക്ക് പുതിയൊരു ജീവിതം തുടങ്ങാനുള്ള അടിസ്ഥാന സഹായങ്ങൾ നൽകുക കൂടിയാണ് ചടങ്ങിന്റെ ലക്ഷ്യം. ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കട്ടിൽ, അലമാര, മറ്റ് വീട്ടാവശ്യ സാധനങ്ങൾ എന്നിവയടങ്ങുന്ന ഉപഹാരങ്ങളാണ് ഓരോ ദമ്പതികൾക്കും വിനയ് അഗർവാൾ നൽകിയത്.

ഈ വർഷം ലഭിച്ച 200-ഓളം അപേക്ഷകളിൽ നിന്ന് 3 ഘട്ട പരിശോധനക്ക് ശേഷമാണ് ഏറ്റവും അർഹരായ 101 പേരെ തെരഞ്ഞെടുത്തത്. സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളുടെയും രണ്ടാം വിവാഹത്തിനുള്ളതുമായ അപേക്ഷകൾ നിരസിച്ചു. ഇതിനായി ആരോടും പണം സംഭാവനയായി വാങ്ങിയില്ല. പണം നൽകാൻ താല്പര്യപ്പെടുന്നവരോട് സ്വന്തം നാട്ടിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം സ്വന്ത നിലയിൽ നടത്താനാണ് അദ്ദേഹം അഭ്യർഥിക്കുന്നത്. ഭാര്യ ശ്വേത, സഹോദരൻ കുനാൽ, സഹോദര ഭാര്യ നേഹ, അമ്മ സരോജ് എന്നിവർ ചേർന്നാണ് ചടങ്ങിന് പൂർണ്ണ നേതൃത്വം നൽകിയത്.

Tags:    
News Summary - No Sister of His Own, UP Man Fulfills Dream by Marrying Off 101 Poor Girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.