വിവാഹമോചനം ചെയ്ത ഭർത്താവിന് ഹൃദായാഘാതം സംഭവിച്ചതിനെത്തുടർന്ന് വീണ്ടും വിവാഹം ചെയ്ത് യുവതി. ഗാസിയാബാദിലെ കൗസംബിയിലാണ് സംഭവം. വിനയ് ജയ്‌സ്വാള്‍-പൂജ ചൗധരി ദമ്പതികളാണ് വിവാഹമോചനത്തിന് ശേഷം വീണ്ടും വിവാഹിതരായത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്ത് വരികയാണ് വിനയ്. പാട്‌നയില്‍ ജനിച്ച് വളര്‍ന്ന പൂജ അധ്യാപികയാണ്.
2012ലായിരുന്നു വിനയ് ജയ്‌സ്വാളും പൂജ ചൗധരിയും ആദ്യം വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം തികയുന്നതിന് മുമ്പെ ഇരുവര്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് മനസിലായതോടെ നിയമപരമായി പിരിയാന്‍ തീരുമാനിച്ചു.
മൂന്ന് കോടതികളിലായി നടത്തിയ നിയമയുദ്ധത്തിന് ഒടുവിലാണ് ഇവര്‍ക്ക് വിവാഹമോചനം ലഭിച്ചത്. ഗാസിയാബാദിലെ കുടുംബകോടതി, ഹൈക്കോടതി, ഒടുവില്‍ സുപ്രീം കോടതി വരെയെത്തിയിരുന്നു ഇവരുടെ കേസ്. അഞ്ച് വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിന് ഒടുവില്‍ 2018ല്‍ ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വിനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ഓപ്പണ്‍ സര്‍ജറിയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയുടെ കാര്യം പൂജയുടെ ചെവിയിലുമെത്തി. ഇതോടെ വിനയ്‌യുടെ ആരോഗ്യത്തില്‍ പൂജയും ആശങ്കപ്പെടാന്‍ തുടങ്ങി. വിനയ്‌യെ കാണാന്‍ പൂജ ആശുപത്രിയിലെത്തുകയും ചെയ്തു.
ആശുപത്രിയില്‍ വിനയോടൊപ്പം ഒരുപാട് സമയം പൂജ ചെലവഴിച്ചിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയം വീണ്ടും തളിരിട്ടു. തുടർന്നാണ് തര്‍ക്കങ്ങളെല്ലാം മറന്ന് ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
നവംബര്‍ 23നാണ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും വിവാഹിതരായത്. ഗാസിയാബാദിലെ കവിനഗറിലുള്ള ആര്യ സമാജ് ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.