ബി.ജെ.പിയിൽ ചേർന്ന എം.പിമാരെ അയോഗ്യരാക്കണം, കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനം; രാജ്യസഭാ അധ്യക്ഷന് കത്ത് നൽകി ആപ്

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന ഏഴ് എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി ആം ആദ്മി പാർട്ടി. പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്. ഏഴ് എം.പിമാരുടെയും നീക്കം കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആവശ്യമെങ്കിൽ പാർട്ടി ഈ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആപിന്റെ ടിക്കറ്റിലാണ് ​ഏഴുപേരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, പിന്നീട് പാർട്ടി വിട്ട് ബി.ജെ.പിയിൽ ലയിക്കുന്നതായി ഇവർ പ്രഖ്യാപിക്കുകയായിരുന്നു. അതിനാൽ ഇവരെ അയോഗ്യരാക്കണമെന്നാണ് കത്തിലെ ആവശ്യം. പാർട്ടിയെയും സംസ്ഥാനത്തെയും ഒറ്റിക്കൊടുത്തതിന് ആം ആദ്മി പാർട്ടി വിട്ട എം.പിമാർക്കെതിരെ പഞ്ചാബിൽ പൊതുജന രോഷവും പ്രതിഷേധവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന അഭിഭാഷകനും എം.പിയുമായ കപിൽ സിബൽ, ലോക്‌സഭയുടെ ഒരു മുൻ സെക്രട്ടറി ജനറൽ എന്നിവരുൾപ്പെടെയുള്ള ഭരണഘടനാ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയെന്നും ചദ്ദ ഉൾപ്പെടെയുള്ള എം.പിമാർ അയോഗ്യരായേക്കുമെന്നാണ് ലഭിച്ച വിവരമെന്നും സഞ്ജയ് സിങ് പറഞ്ഞു.

എംപിമാരായ രാഘവ് ചദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ വെള്ളിയാഴ്ചയാണ് ആപിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി, അടിസ്ഥാന തത്വങ്ങളിൽനിന്നും മൂല്യങ്ങളിൽനിന്നും വ്യതിചലിക്കുകയാണെന്ന് എം.പിമാർ ആരോപിച്ചിരുന്നു.

ഭരണഘടന അനുസരിച്ച് പാർട്ടിയുടെ ആകെ എം.പിമാരിൽ മൂന്നിൽ രണ്ടുപേർക്കും മറ്റൊരു പാർട്ടിയിൽ ലയിക്കാൻ കഴിയുമെന്നാണ് രാഘവ് ചദ്ദയുടെ വാദം. അതിൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയുണ്ടാകില്ലെന്നും ചദ്ദ പറഞ്ഞു. രാജ്യസഭയിൽ പത്ത് അംഗങ്ങളാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ഇതിൽ ഏഴുപേരാണ് ബി.ജെ.പിയിൽ ചേർന്നത്. 

Tags:    
News Summary - Disqualify them AAP plea to Rajya Sabha chairman after 7 MPs switch to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.