ഡിജിറ്റൽ ഡേറ്റ വിൽപനക്ക്

ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിറയുന്ന പൗരന്മാരുടെ വ്യക്തിയിതര വിവരങ്ങൾ സംയോജിപ്പിച്ച് ആവശ്യക്കാർക്ക് പങ്കുവെക്കാൻ പുതുക്കിയ കരട് നയം പുറത്തിറക്കി കേന്ദ്രസർക്കാർ. കടുത്ത എതിർപ്പിനെ തുടർന്ന് ഏതാനും മാസം മുമ്പ് പിൻവലിക്കേണ്ടിവന്ന ദേശീയ ഡേറ്റ മാർഗനിർദേശ രൂപരേഖ നയത്തിന്റെ കരടാണ് പുതിയ രൂപത്തിൽ പുറത്തിറക്കിയത്.

ആധാറിലും മറ്റുമുള്ളത് വ്യക്തിയുടെ സ്വകാര്യവിവരങ്ങളാണ്. എന്നാൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, കൃഷി, ചികിത്സ, വിദ്യാഭ്യാസം, പണമിടപാട് എന്നിങ്ങനെ പൊതുജനങ്ങൾ വ്യാപരിക്കുന്ന മേഖലകളിൽ പൗരന്മാരെക്കുറിച്ച് ലഭിക്കുന്ന സൂക്ഷ്മവിരങ്ങൾ സാങ്കേതികവിദ്യ വളർച്ചക്കൊപ്പം ഡിജിറ്റൽ സംവിധാനങ്ങളിൽ സമാഹരിക്കപ്പെടുന്നുണ്ട്. അവയുടെ ഡേറ്റബേസ് സർക്കാർ നിരീക്ഷണത്തിനും അക്കാദമിക ഗവേഷണത്തിനും വാണിജ്യ ആവശ്യങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടും.

ഇത് പല ആവശ്യങ്ങൾക്കായി കൈമാറുന്നതിന് നയപരമായ രൂപരേഖയും പിൻബലവും നൽകുന്ന കരടാണ് പുറത്ത് വന്നത്. ഭരണക്രമം മെച്ചപ്പെടുത്തുക, ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് സഹായകമാക്കുക, ഡേറ്റ അധിഷ്ഠിത ഗവേഷണം, സ്റ്റാർട്ടപ്പുകൾക്കുവേണ്ട വിവരം ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ. ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയമാണ് ജൂൺ 11നകം അഭിപ്രായം തേടി പുതിയ കരട് രേഖ പുറത്തിറക്കിയത്. പൗരന്മാരുടെ വ്യക്തിയിതര വിവരങ്ങൾ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും മറ്റുമായി പങ്കുവെക്കാൻ സ്വകാര്യ കമ്പനികളെയും പ്രോത്സാഹിപ്പിക്കണമെന്ന് കരടിൽ പറയുന്നു.

ഇതിനായി ഇന്ത്യ ഡേറ്റാസെറ്റ് പ്രോഗ്രാം എന്ന സംവിധാനം കൊണ്ടുവരും. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ അജ്ഞാതമാക്കി നിർത്തുമെങ്കിലും പൊതുവിവരങ്ങൾ ഇതിൽനിന്ന് ലഭ്യമാക്കും. സംവിധാന നിർവഹണത്തിന് ഇന്ത്യ ഡേറ്റ മാനേജ്മെന്റ് ഓഫിസ് തുറക്കും. വിവരലഭ്യതക്കുവേണ്ടിയുള്ള അപേക്ഷകൾ പ്രകാരം ആവശ്യമുള്ളവർക്ക് അവ നൽകും.

സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പാകത്തിൽ ഡേറ്റ എങ്ങനെ വ്യക്തികേന്ദ്രീകൃതമല്ലാത്ത വിധം സജ്ജമാക്കണമെന്ന കാര്യത്തിൽ മന്ത്രാലയം മാർഗനിർദേശം രൂപപ്പെടുത്തും. വിവര കൈമാറ്റത്തിലെ സ്വകാര്യത പരിപാലിക്കുമെന്നാണ് വാഗ്ദാനം. നയത്തിന് അനുസരിച്ച് ചട്ടം പ്രാബല്യത്തിൽ കൊണ്ടുവരുമ്പോൾ വിവര കൈമാറ്റത്തിന് സർക്കാർ വകുപ്പുകൾ ബാധ്യസ്ഥമാകും.

ഭാവിയിൽ സംസ്ഥാന സർക്കാറുകളെ സമാനമായി നീങ്ങാൻ പ്രേരിപ്പിക്കും. അക്കാര്യവും കരടിൽ പറഞ്ഞുവെച്ചിട്ടുണ്ട്. പുതിയ കരട് നയവും കടുത്ത എതിർപ്പ് ഉയർത്തിയേക്കും. ഇത്തരത്തിൽ പൗരന്മാരുടെ വിവരങ്ങൾ സ്വമേധയാ പങ്കുവെക്കാൻ സ്വകാര്യ കമ്പനികൾ താൽപര്യപ്പെടില്ല. വ്യാപാര, ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങൾ ഡേറ്റ കൈമാറ്റത്തിൽ ഉയർന്നുവരാം.

എന്താണ് വ്യക്തിയിതര ഡേറ്റ?

വ്യക്തിയെ തിരിച്ചറിയുന്ന വിവരങ്ങൾ ഇല്ലാത്ത വിശദാംശങ്ങളാണ് ഇതിലുള്ളത്. ഈ ഡേറ്റയിലേക്ക് നോക്കിയാൽ വ്യക്തിയെ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ, മറ്റു വിവരങ്ങൾ എല്ലാമുണ്ടാകും. അവ ക്രോഡീകരിച്ചാൽ ഒരു പ്രദേശത്തെ പൊതു ജീവിതരീതി, ആരോഗ്യപ്രശ്നങ്ങൾ, ചെലവാക്കൽ പ്രവണത തുടങ്ങി പല കാര്യങ്ങളും സർക്കാറിനൊപ്പം ഗവേഷകർക്കും ബിസിനസ് സംരംഭങ്ങൾക്കും കണ്ടെത്താം. കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വ്യക്തിവിവരങ്ങൾ വെളിപ്പെടാമെന്നതാണ് ഇതിലെ ആശങ്ക.

രഹസ്യമായി സൂക്ഷിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും, കോവിഡ് ബാധിതരുടെ പേര്, മൊബൈൽ നമ്പർ, കോവിഡ് പരിശോധന ഫലം തുടങ്ങിയ വിവരങ്ങൾ കോവിൻ പോർട്ടലിൽനിന്ന് ചോർന്നിരുന്നു. കോവിഡ് ഡേറ്റ ബേസിലെ വിവരങ്ങൾ വിദേശ കമ്പനിയായ സ്പ്രിംഗ്ലറിന് നൽകിയത് കേരളത്തിൽ വിവാദമായിരുന്നു.

ലക്ഷ്യത്തിൽ മാറ്റമൊന്നുമില്ലാതെ നയം മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ് പുതിയ കരട് രേഖയിൽ. വ്യക്തിയുടെ സ്വകാര്യവിവരങ്ങളല്ലാത്ത പൊതുവിവരങ്ങൾ ഇത്തരത്തിൽ പഠന, ഗവേഷണ, വാണിജ്യ കാര്യങ്ങൾക്ക് കൈമാറും. ഇതിന് നിശ്ചിത തുക ഈടാക്കാനുള്ള ആദ്യ കരടിലെ നിർദേശം എതിർപ്പിനെ തുടർന്ന് തൽക്കാലം ഒഴിവാക്കിനിർത്തിയിട്ടുണ്ടെന്നു മാത്രം. 

Tags:    
News Summary - Digital data for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.