അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ഭാഗമായി കൊച്ചിയിൽ ഐ.എൻ.എസ് വിക്രാന്തിൽ നടന്ന യോഗ പരിശീലനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്തപ്പോൾ
കൊച്ചി: കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സ് (ഐ.എസ്.സി) ‘ധ്രുവ്’ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാവികസേനയുടെ പ്രായോഗിക പരിശീലനം വർധിപ്പിക്കുന്നതിന് തദ്ദേശീയമായി നിർമിച്ച അത്യാധുനിക സിമുലേറ്ററുകൾ ഉൾക്കൊള്ളുന്നതാണ് ഐ.എസ്.സി ‘ധ്രുവ്’. നാവിഗേഷൻ, ഫ്ലീറ്റ് ഓപറേഷൻസ്, നാവിക തന്ത്രങ്ങൾ എന്നിവയിൽ തത്സമയ അനുഭവം നൽകുന്നതിനാണ് ഈ സിമുലേറ്ററുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
സുഹൃദ് രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും ഈ സിമുലേറ്ററുകൾ ഉപയോഗിക്കും. സമുച്ചയത്തിൽ വിഭാവനം ചെയ്ത നിരവധി സിമുലേറ്ററുകളിൽ, മൾട്ടി-സ്റ്റേഷൻ ഹാൻഡ്‌ലിങ് സിമുലേറ്റർ, എയർ ഡയറക്ഷൻ ആൻഡ് ഹെലികോപ്ടർ കൺട്രോൾ സിമുലേറ്റർ, ആസ്ട്രോ നാവിഗേഷൻ ഡോം എന്നിവ മന്ത്രി സന്ദർശിച്ചു.
യോഗ ദിനത്തിൽ മന്ത്രി ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ സായുധ സേനയുടെയും ഇന്ത്യൻ തീര സംരക്ഷണ സേനയുടെയും ഉദ്യോഗസ്ഥർക്കൊപ്പം യോഗ ചെയ്തു. നാവികസേന മേധാവി അഡ്മിറൽ ആർ. ഹരി കുമാർ, കേന്ദ്ര സർക്കാറിന്റെ ചീഫ് ഹൈഡ്രോഗ്രാഫർ വൈസ് അഡ്മിറൽ അധീർ അറോറ, ദക്ഷിണ നാവിക കമാൻഡ് മേധാവി റിയർ അഡ്മിറൽ ജെ. സിങ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.