സി.എ.ആർ സെൻട്രൽ ഡി.സി.പി സൗമ്യലത
മംഗളൂരു: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടിയെന്ന ശുചീകരണ ജീവനക്കാരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സർക്കാർ രൂപവത്കരിച്ചത്.
തൊട്ടുപിന്നാലെ ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കി രൂപീകരിച്ച അന്വേഷണ സംഘത്തിൽ നിന്ന് സി.എ.ആർ സെൻട്രൽ ഡി.സി.പി സൗമ്യ ലത പിന്മാറി. ആഭ്യന്തര മന്ത്രി ജി. പരമേശ്വര പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. മറ്റൊരാളെ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു. പിന്മാറ്റത്തിനിടയാക്കിയ കാരണം ദുരൂഹമാണ്.
ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ (നമ്പർ 39/2025) അന്വേഷണത്തിന് വിവിധ കോണുകളിൽ നിന്നുയർന്ന ആവശ്യം പരിഗണിച്ച് ജൂലൈ 20നാണ് സംസ്ഥാന സർക്കാർ ആഭ്യന്തര സുരക്ഷ വിഭാഗം ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കി എസ്.ഐ.ടി രൂപവത്കരിച്ചത്.
ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിൽ സേവനം ചെയ്യുന്ന പൊലീസ് ഓഫിസർമാരെ കൂടുതൽ ഉൾപ്പെടുത്തി കർണാടക പൊലീസ് ഡയറക്ടർ ജനറൽ ഡോ. എം.എ. സലീം ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
മംഗളൂരു ഡി.സി.ആർ.ബി എസ്.പി സി.എ സൈമൺ, ഉഡുപ്പി ഡി.എസ്.പി എ.സി. ലോകേഷ് (ദക്ഷിണ കന്നഡ ഡി.എസ്.പി മഞ്ജുനാഥ്, സി.സി.ബി ഇൻസ്പെക്ടർമാരായ മഞ്ജുനാഥ്, ഇ.സി. സമ്പത്ത്, കെ. കുസുമാധർ, ഉഡുപ്പി ബൈന്ദൂർ ഇൻസ്പെക്ടർ മഞ്ജുനാഥ് ഗൗഡ, സി.സി.ബി എസ്.ഐമാരായ കോകില നായക്, വയലറ്റ് ഫെമിന, ശിവശങ്കർ, ഉത്തര കന്നഡ സിർസി വനിത സ്റ്റേഷൻ എസ്.ഐ രാജ് കുമാർ ഉക്കാലി, അങ്കോള ക്രൈം എസ്.ഐ ആർ. സുഹാസ്, മംഗളൂരു മെസ്കോം എസ്.ഐ എം.ജെ. വിനോദ്, ഉഡുപ്പി ടൗൺ എ.എസ്.ഐ സുഭാഷ് കാമത്ത്, സർക്കിൾ ഹെഡ് കോൺസ്റ്റബിൾമാരായ ഹരീഷ് ബാബു, പ്രകാശ്, നാഗരാജ്, ദേവരാജ് എന്നിവരെയാണ് എസ്.ഐ.ടിയിലേക്ക് പുതുതായി നിയമിച്ചത്. റിക്രൂട്ട്മെന്റ് ഡി.ഐ.ജി എം.എൻ. അനുചേത്, ആഭ്യന്തര സുരക്ഷ വിഭാഗം എസ്.പി ജിതേന്ദ്ര കുമാർ ദയാമ എന്നിവരെയാണ് തുടക്കത്തിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.