ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ പുതിയ സർക്കാർ വ്യാഴാഴ്ച വൈകിട്ട് സത്യപ്രതിഞ്ജ ചെയ്യുമെന്ന് റിപ്പോർട്ട്. 70ൽ 48 സീറ്റുകളുമായി ഭൂരിപക്ഷം നേടിയ ബി.ജെ.പി, മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. രാജ്യതലസ്ഥാനത്ത് ബുധനാഴ്ച നടക്കുന്ന പാർട്ടി യോഗത്തിലാകും ബി.ജെ.പി സർക്കാറിനെ ആരു നയിക്കുമെന്ന കാര്യത്തിൽ തീരുമാനം സ്വീകരിക്കുകയെന്ന് ദേശീയമാധ്യമത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. വൈകിട്ട് 4.30ന് ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
ഫ്രാൻസ്, യു.എസ് സന്ദർശനവുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്ന പ്രധാനമന്ത്രി മോദിയുടെ അസാന്നിധ്യമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് തടസമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പു ഫലം ഈ മാസം എട്ടിന് പ്രഖ്യാപിച്ചെങ്കിലും മുൻകൂട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ ബീ.ജെ.പി പ്രഖ്യാപിച്ചിരുന്നില്ല. യു.എസിൽനിന്ന് തിരിച്ചെത്തിയ മോദി വൈകാതെ ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കൂടിക്കാഴ്ച നടത്തും.
ഡൽഹി നേതൃത്വവുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചക്കു ശേഷമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. നിലവിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് 15 എം.എൽ.എമാരെ ബി.ജെ.പി ഷോർട്ട്ലിസ്റ്റ് ചെയ്തതായും വിവരമുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരെയും സ്പീക്കറെയും ഇതേ ലിസ്റ്റിൽനിന്നുതന്നെ തെരഞ്ഞെടുക്കും. എട്ട് മന്ത്രിമാരാകും ഡൽഹിക്കുണ്ടാകുകയെന്നും സൂചനയുണ്ട്.
മുമ്പ് രണ്ടുതവണ പാർലമെന്‍റംഗവും ന്യൂഡൽഹി മണ്ഡലത്തിൽ കെജ്രിവാളിനെ തോൽപ്പിക്കുകയും ചെയ്ത പർവേഷ് വർമക്കാണ് മുഖ്യമന്ത്രി കസേരയിലെത്താൻ കൂടുതൽ സാധ്യത പ്രവചിക്കുന്നത്. വിരേന്ദ്ര സച്ദേവ, ബാൻസുരി സ്വരാജ്, സതീഷ് ഉപാധ്യായ്, എന്നിവരെയും തൽസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 27 വർഷത്തിനു ശേഷമാണ് ബി.ജെ.പി ഡൽഹിയിലെ അധികാര കസേര തിരിച്ചുപിടിക്കുന്നത്. എ.എ.പി 22 സീറ്റിൽ ജയിച്ചപ്പോൾ, കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.