10,000 ത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥർ, 250ലേറെ കാമറകൾ; ഇൻഡ്യ സഖ്യത്തിന്റെ റാലിക്ക് ഡൽഹിയിൽ വൻ സുരക്ഷ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും ഇൻഡ്യ സഖ്യം സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത്. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യത്തിലാണ് പ്രതിഷേധം. കൊണാട്ട് പ്ലേസിന് സമീപത്തുനിന്ന് രാംലീല മൈതാനത്തേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി വാൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 10,000 പൊലീസുകാരെയും അർധസൈനികരെയും വിന്യസിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പത്തുലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് ഇൻഡ്യ സഖ്യം പ്രതീക്ഷിക്കുന്നത്. എന്നാൽ, രാംലീല മൈതാനത്ത് ഉൾക്കൊള്ളാനാകുന്ന ഏകദേശം 50,000 പേരെ കണക്കിലെടുത്താണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. ഇതിൽ കൂടുതൽ പേർ എത്തിയാൽ സമീപത്തെ റോഡുകളിൽ തടഞ്ഞുനിർത്താനാണ് തീരുമാനം.

റാലിക്ക് മുന്നോടിയായി ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക 'ജനകീയ ഇംപീച്ച്മെന്റ്' നടന്നു. പ്രതിപക്ഷ എം.പിമാരും നേതാക്കളും സാമൂഹിക പ്രവർത്തകരുൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു. ബിജെപി തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ നടത്തിയ ഗൂഢാലോചനയിൽ തെരഞ്ഞെടുപ്പ് കമീഷണറും പങ്കാളിയായെന്നും ഇത് രാജ്യത്തോടും ഭരണഘടനയോടുമുള്ള രാജ്യദ്രോഹമാണെന്നും ആരോപിക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ പ്രമേയം ഖാർഗെ വായിച്ചു.

റാലിയുമായി ബന്ധപ്പെട്ട് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തും. ഐ.ടി.ഒ, ഡൽഹി ഗേറ്റ്, രാജ്ഘട്ട്, അജ്മേരി ഗേറ്റ്, തുർക്ക്മാൻ ഗേറ്റ് എന്നിവിടങ്ങളിലാണ് പ്രധാന നിയന്ത്രണങ്ങൾ പ്രതീക്ഷിക്കുന്നത്. ഉച്ചക്ക് 12ന് മിന്റോ റോഡ് പാലത്തിന് സമീപത്തുനിന്നാണ് മാർച്ച് ആരംഭിക്കുക. ജവഹർലാൽ നെഹ്റു മാർഗ്, ചമൻ ലാൽ മാർഗ് തുടങ്ങിയ സ്ഥലങ്ങളിലൂടെ രാംലീല മൈതാനത്തേക്ക് നീങ്ങും.

സുരക്ഷാ ക്രമീകരങ്ങളുടെ ഭാഗമായി 250ലധികം സിസിടിവി കാമറകളും ഡ്രോണുകളും പൊലീസുകാരുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന കാമറകളും ഉപയോഗിച്ച് നിരീക്ഷണം നടത്തും. സ്ഥലത്ത് വിന്യസിക്കുന്ന 10,000 സുരക്ഷാ ഉദ്യോഗസ്ഥരിൽ 3,000 പേർ ഡൽഹി പൊലീസിൽനിന്നും 7,000 പേർ അർധസൈനിക വിഭാഗങ്ങളിൽനിന്നുമാണ്. 

Tags:    
News Summary - Delhi Deploys 10,000 Security Personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.