പ്രധാനമന്ത്രി മോദിയുടെ എം.എ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഹരജി വിധി പറയാനായി മാറ്റി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എം.എ സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം പൂർത്തിയായി. ഹരജി വിധി പറയാനായി മാറ്റി. സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകാനുള്ള നീക്കത്തിനെതിരെ ഗുജറാത്ത് സർവകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപേക്ഷയിൽ പ്രധാനമന്ത്രിയുടെ എം.എ സർട്ടിഫിക്കറ്റിന്റെ കോപ്പി നൽകാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചത്. ഹരജിയിൽ സർവകലാശാലക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും കെജ്‌രിവാളിനായി മുതിർന്ന അഭിഭാഷകൻ പേഴ്‌സി കവിനയുമാണ് ഹാജരായത്.

പ്രധാനമന്ത്രിയുടെ ഡിഗ്രി സംബന്ധിച്ച വിവരങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുന്നിൽ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് തുഷാർ മെഹ്ത പറഞ്ഞു. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഏതെങ്കിലും തരത്തിൽ പൊതുതാൽപര്യത്തെ ബാധിക്കുമ്പോൾ മാത്രമാണ് അത് വിവരാവകാശ നിയമത്തിന് കീഴിൽ വരികയുള്ളൂ എന്നും അദ്ദേഹം വാദിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ കമ്മീഷണറോടാണ് സർട്ടിഫിക്കറ്റിന്റെ കോപ്പി നൽകാൻ വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. അതിനെന്തിനാണ് ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചതെന്ന് കെജരിവാളിന് വേണ്ടി ഹാജരായ പേഴ്‌സി കവിന ചോദിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തേണ്ടത് നിയമപ്രകാരം നിർബന്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - "PM's privacy affected": Gujarat University to Gujarat High Court on RTI plea by Arvind Kejriwal for degree certificate of PM Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.