കർണാടകയിൽ മുസ്‌ലിം സംവരണം റദ്ദാക്കാനുള്ള തീരുമാനം വികലം; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിവിധ മുസ്‌ലിം സംഘടനകൾ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നത് റദ്ദാക്കാനായിരുന്നു കർണാടക സർക്കാരിന്റെ തീരുമാനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെ മാർച്ച് 24ന് സംവരണം ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തെ കോടതി ചോദ്യം ചെയ്തു. യാതൊരു പഠനവും നടത്താതെയാണ് സർക്കാർ സംവരണം ഇല്ലാതാക്കിയതെന്നും ഭരണഘടനാ തത്വങ്ങൾ ബി.ജെ.പി സർക്കാർ ലംഘിക്കുകയാണെന്നും ഹരജിക്കാർ കോടതിയിൽ അറിയിച്ചു.

സംസ്ഥാനത്തെ ജനസംഖ്യയിൽ 13 ശതമാനം വരുന്ന മുസ്‌ലിംകളോട് വിവേചനപരമായാണ് സർക്കാർ പെരുമാറുന്നതെന്നും ഹരജിക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം, കമീഷൻ ശിപാർശ പ്രകാരം വിവിധ സമുദായങ്ങളുടെ സാമൂഹിക–സാമ്പത്തിക സ്ഥിതി പരിഗണിച്ചുകൊണ്ടാണ് സംവരണം വെട്ടിക്കുറക്കാൻ തീരുമാനിച്ചതെന്ന് കർണാടക സർക്കാർ കോടതിയെ അറിയിച്ചു.

സർക്കാരിന്‍റെ തീരുമാനപ്രകാരം, ഇതുവരെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കുമാണ് വീതിച്ചുനൽകിയത്. ഇത്തരത്തിൽ രണ്ട് ശതമാനം വീതം ഈ സമുദായങ്ങൾക്ക് നൽകുകയാണ് ചെയ്തത്. പത്ത് ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) മുസ്‌ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. മേയിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു നടപടി.

പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറ് ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴ് ശതമാനവുമായി ഉയർന്നു. സംവരണം ഉയർത്തണമെന്ന ഇരുവിഭാഗത്തിന്‍റേയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മർദം ശക്തമാക്കിയിരുന്നു.

Tags:    
News Summary - Decision to cancel Muslim reservation in Karnataka flawed- Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.