representative image
ബംഗളൂരു: കർണാടകയിലെ ബംഗളൂരു റൂറലിലെയും തുമകുരു ജില്ലയിലെയും 28 ഗ്രാമങ്ങളിൽ ഇത് അവസാനത്തെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്. യെത്തിനഹോളെ ജലസേചന പദ്ധതിയുടെ ഭാഗമായി ബൈരഗൊണ്ട് ലുവിൽ അണക്കെട്ട് നിർമിക്കുന്നതോടെയാണ് തുമകുരു ജില്ലയിലെ കൊരട്ടഗരെ താലൂക്കിലെയും ബംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബെല്ലാപുർ താലൂക്കിലെയും ഗ്രാമങ്ങൾ വെള്ളത്തിനിടയിൽ വിസ്മൃതിയിലാകുക.
അടുത്ത അഞ്ചു വർഷത്തിനുള്ളിലായിരിക്കും അണക്കെട്ട് നിർമിക്കുക. ഇതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് 28 ഗ്രാമങ്ങളിലുള്ളവർക്കും അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും. ഇതിനുശേഷം ഇവർ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടിവരും. ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര തുക വളരെ കുറവാണെന്നും ആ തുകക്ക് മറ്റൊരിടത്ത് സ്ഥലം വാങ്ങുക അസാധ്യമാണെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. ഏക്കറിന് 14 ലക്ഷമാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിരിക്കുന്നത്.
ചിന്നഹള്ളി, സൻഗദഹള്ളി തുടങ്ങിയ പഞ്ചായത്തുകൾ ഉൾപ്പെടെയാണ് വെള്ളത്തിനടിയിലാകുക. അണക്കെട്ട് നിർമിക്കുന്നതിനു പകരം ജില്ലയിൽ 38 തടാകങ്ങൾ സ്ഥാപിക്കാനാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശക്തരായ നേതാക്കളെ വിജയിപ്പിച്ച് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങളുടെ തീരുമാനം.
ദൊഡ്ഡബെല്ലാപുർ ഇരു ജില്ലകളിലും വ്യത്യസ്ത തരത്തിലാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും ഇത് പരിഹരിക്കണമെന്നും പദ്ധതിക്കെതിരല്ലെന്നും ഒരുവിഭാഗം ആളുകളും വാദിക്കുന്നുണ്ട്. അണക്കെട്ട് വരുന്നതോടെ കൊരട്ടഗരെ താലൂക്കിലെ ചിന്നഹള്ളി, കൊലല ഗ്രാമപഞ്ചായത്തുകളിലെയും ദൊഡ്ഡബെല്ലാപുര താലൂക്കിലെ ശശലു ഗ്രാമപഞ്ചായത്തിലെയും 28 ഗ്രാമങ്ങളെയാണ് ബാധിക്കുക.
ഇവിടങ്ങളിലായി ആകെ 5479 ഏക്കർ സ്ഥലമാണ് അണക്കെട്ടിനായി ഏറ്റെടുക്കുന്നത്. 1900 കുടുംബങ്ങളിൽനിന്നായി 7500ലധികം പേരാണ് സ്വന്തം ഗ്രാമം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പോകേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.