അഹ്മദാബാദ്: കുതിരപ്പുറത്തേറി ഘോഷയാത്രയായി വിവാഹപ്പന്തലിലേക്ക് പോകണമെന്ന ഗുജറാത്തിലെ ദലിത് യുവാവിന്റെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിവന്നത് വൻ സുരക്ഷാസന്നാഹം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 145 പൊലീസുകാരാണ് വരനും സംഘത്തിനും അകമ്പടി സേവിച്ചത്. മൂന്ന് സബ് ഇൻസ്‌പെക്ടർമാരും ഒരു എസ്.ഐയും അടക്കമുള്ളവർ ഇതിന് നേതൃത്വം നൽകി. ഗുജറാത്ത് ബനസ്കന്ത ജില്ലയിലെ പലൻപൂർ ഗദൽവാഡ ഗ്രാമത്തിൽ വ്യാഴാഴ്ച നടന്ന മുകേഷ് പരേച്ചയുടെ വിവാഹ ഘോഷയാത്രയാണ് ചരിത്രത്തിൽ ഇടംപിടിച്ചത്.
വിവാഹത്തിന് വരൻ കുതിരപ്പുറത്ത് കയറുന്ന ആചാരമായ ‘വാർഗോഡോ’ സംഘടിപ്പിക്കാൻ ദലിത് വിഭാഗങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ട്. ഇവിടെ സവർണ വിഭാഗക്കാർ മാത്രമാണ് ഈ ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട മുകേഷ് പരേച്ച (33) തന്റെ വിവാഹത്തിന് വാർഗോഡോ നടത്തുമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ഉന്നതകുലജാതർ പ്രശ്നം സൃഷ്ടിക്കുമെന്ന് ഭയന്നാണ് പൊലീസ് സംരക്ഷണം തേടിയതെന്ന് ബനസ്‌കന്ത ജില്ലാ കോടതിയിൽ അഭിഭാഷകൻ കൂടിയായ മുകേഷ് പറഞ്ഞു. ജനുവരി 22ന് ഇതുസംബന്ധിച്ച അപേക്ഷ ബനസ്കന്ത ജില്ലാ പൊലീസ് സൂപ്രണ്ടിന് സമർപ്പിച്ചു.
‘ഞങ്ങളുടെ ഗ്രാമത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആളുകൾ ഒരിക്കലും വാർഗോഡോ നടത്തിയിട്ടില്ല. വാർഗോഡോ നടത്തുന്ന ആദ്യ ദലിത് വ്യക്തി ഞാനായിരിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ എല്ലാ സാധ്യതയുമുണ്ട്. അതിനാൽ, ഞങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് അപേക്ഷിക്കുന്നു’ -എസ്.പിക്ക് നൽകിയ കത്തിൽ പറഞ്ഞു. ഇതേതുടർന്നാണ് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയത്. എന്നാൽ, താൻ കുതിരപ്പുറത്ത് നിന്ന് ഇറങ്ങി കാറിൽ കയറിയപ്പോൾ അജ്ഞാതൻ കാറിന് നേരെ കല്ലെറിഞ്ഞതായി മുകേഷ് പറഞ്ഞു. തുടർന്ന് പൊലീസ് ഇൻസ്പെക്ടറാണ് വരൻ സഞ്ചരിച്ച കാർ ഓടിച്ചത്. കാറിൽ വഡ്ഗാം എം.എൽ.എ ജിഗ്നേഷ് മേവാനിയും ഒപ്പമുണ്ടായിരുന്നു.
બનાસકાંઠાના ગાદલવાડા ગામે 200 પોલીસકર્મીના પ્રોટેક્શન વચ્ચે નીકળ્યો દલિત યુવકનો વરઘોડો#Banaskantha #Gujarat #GujaratiNews #GujaratSamachar pic.twitter.com/AWqjPMdv89
— Gujarat Samachar (@gujratsamachar) February 6, 2025
‘ഞാൻ കുതിരപ്പുറത്ത് കയറിയപ്പോൾ ഒന്നും സംഭവിച്ചില്ല. പക്ഷേ, കുതിരപ്പുറത്ത് നിന്ന് ഇറങ്ങി എന്റെ കാറിൽ ഇരുന്ന് യാത്ര തുടർന്ന് കഷ്ടിച്ച് 500 മീറ്റർ പിന്നിട്ടപ്പോൾ ആരോ ഞങ്ങളുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. തുടർന്ന്, പൊലീസ് ഇൻസ്പെക്ടർ കെ.എം വാസവയാണ് കാർ ഓടിച്ചത്’ -മുകേഷ് പറഞ്ഞു.
കല്ലേറ് സംബന്ധിച്ച് പരാതി ലഭിച്ചതായി സ്ഥിരീകരിച്ച പൊലീസ് ഇൻസ്പെക്ടർ കെ.എം. വാസവ ഇതുസംബന്ധിച്ച തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവാഹഘോഷയാത്ര നിരീക്ഷിക്കാൻ പൊലീസ് വിന്യസിച്ച ഡ്രോൺ കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചിരുന്നുവെന്നും ഒന്നും കണ്ടെത്താനായില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.