യു.പിയിൽ 79 സീറ്റുകൾ ലഭിക്കുമെന്ന് കോൺഗ്രസും എസ്.പിയും പകൽക്കിനാവ് കാണുന്നു -മോദി

​ലഖ്നോ: ഉത്തർപ്രദേശിൽ 79 സീറ്റുകൾ ലഭിക്കുമെന്ന ദിവാസ്വപ്നത്തിലാണ് കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 25ന് യു.പിയിൽ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. യു.പിയിലെ ബസ്തിയിൽ പ്രചാരണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

''കോൺഗ്രസിന്റെയും സമാജ്‍വാദി പാർട്ടിയുടെയും രാജകുമാരൻമാർ അവർക്ക് യു.പിയിൽ 79 സീറ്റുകൾ ലഭിക്കുമെന്ന് പ്രചാരണം നടത്തുകയാണ്. ആളുകൾ ദിവാസ്വപ്നം എന്നൊക്കെ പറഞ്ഞു കേട്ട അറിവേ എനിക്കുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവരെ കണ്ടപ്പോൾ അതെന്താണെന്ന് എനിക്ക് മനസിലായി. ജൂൺ നാലിന് യു.പിയിലെ ജനം അവരെ ആ കിനാവിൽ നിന്ന് ഉണർത്തും. അപ്പോഴവർ ഇ.വി.എം മെഷീനുകളെ പഴിചാരും.-മോദി പറഞ്ഞു. പുണ്യം ചെയ്യാനുള്ള അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്. നിങ്ങൾ വോട്ട് രേഖ​പ്പെടുത്തിയില്ലെങ്കിൽ പുണ്യം ചെയ്യാനുള്ള അവസരമാന് നഷ്ടമാകുന്നത്. 80 കോടി ആളുകൾ ജീവിക്കുന്നത് സ്വതന്ത്ര രാഷ്ട്രത്തിലാണെങ്കിൽ, അവർ തീർച്ചയായും അനുഗ്രഹിക്കപ്പെട്ടവർ തന്നെ. എന്നാൽ നിങ്ങൾ വോട്ട് രേഖപ്പെടുത്തുന്നില്ല എങ്കിൽ നിങ്ങളുടേതായ പുണ്യ പ്രവർത്തി രേഖപ്പെടുത്തപ്പെടില്ല. ഞാൻ നിങ്ങൾക്കായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന് നിങ്ങൾ വോട്ടിലൂടെ പ്രതിഫലം നൽകണം.-മോദി ആവശ്യപ്പെട്ടു.

എന്നാൽ ഇക്കുറി 2004 ആവർത്തിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് അഭിപ്രായപ്പെട്ടു. അവശേഷിക്കുന്ന 115 സീറ്റുകളിലേക്ക് പ്രചാരണം നടത്താൻ പോലും ബി.ജെ.പി മടിക്കുകയാണ്. അവർക്ക് ഹരിയാനയിലേക്കും പഞ്ചാബിലേക്കും പ്രചാരണത്തിന് പോകാനാവില്ല. കാരണം കർഷകർ രോഷാകുലരാണ്. പ്രധാനമന്ത്രി കർഷക സംഘടനകൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. കർഷക സമരത്തിൽ 700 പേരുടെ ജീവനാണ് നഷ്ടമായത്. അവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി പോലും അർപ്പിച്ചിട്ടില്ല. ഹിമാചൽ പ്രദേശിൽ അഗ്നിവീർ വലിയ പ്രശ്നമാണ്. അവർ നമ്മുടെ സൈന്യത്തെയും ദേശീയ സുരക്ഷയെയും വെച്ചാണ് കളിക്കുന്നത്. അതിന് തീർച്ചയായും ജനം മറുപടി നൽകുമെന്നും ജയ്റാം രമേഷ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Congress, SP are daydreaming of winning 79 seats in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.