മുഖത്തടിച്ചു, മുടിയിൽ പിടിച്ചുവലിച്ചു; താനെയിൽ സ്ത്രീകൾക്കുനേരെ ശിവസേന വനിതാ വിഭാഗം പ്രവർത്തകരുടെ ആക്രമണം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ സ്ത്രീകൾക്കുനേരെ ശിവസേന വനിതാ വിഭാഗം പ്രവർത്തകരുടെ ആക്രമണം. താനെയിലെ ജനത്തിരക്കേറിയ തലാവ് പാലി മേഖലയിലാണ് സംഭവം. സ്ത്രീകളെ മർദിക്കുകയും പ്രദേശത്തുനിന്ന് ബലമായി ഒഴിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദം ശക്തമായി.
ശിവസേനയുടെ മഹിളാ അഘാഡി വിഭാഗത്തിൽപ്പെട്ട പ്രവർത്തകരാണ് സ്ത്രീകളെ ആക്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ പ്രവർത്തകർ സ്ത്രീകളെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കാണാം. ചിലർ സ്ത്രീകളുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും കരിമ്പിൻ തണ്ടുകൾ ഉപയോഗിച്ച് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പൊതുസ്ഥലത്ത് സ്ത്രീകൾ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നുവെന്നാരോപിച്ചായിരുന്നു പ്രവർത്തകരുടെ ഇടപെടൽ. പ്രദേശത്തെ താമസക്കാർക്കും വഴിയാത്രക്കാർക്കും ഇത്തരം പ്രവർത്തനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വനിതാ വിഭാഗം പ്രവർത്തകരുടെ ആരോപണം. വിഷയത്തിൽ പ്രദേശത്തെ സ്ത്രീകൾ പൊലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങൾ നേരിട്ട് രംഗത്തിറങ്ങിയതെന്നാണ് പ്രവർത്തകരുടെ വിശദീകരണം.
അതേസമയം, വിഡിയോയിൽ കാണുന്ന സ്ത്രീകളുടെ വ്യക്തിത്വമോ അവർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്ന ആരോപണമോ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് പ്രതികരണം ലഭ്യമായിട്ടില്ല. ആരോപണങ്ങളുടെ പേരിൽ സ്ത്രീകളെ പരസ്യമായി മർദിച്ച സംഭവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.