26/11 ഭീകരാക്രമണ ലക്ഷ്യമായ നരിമാൻ ഹൗസിൽ നിരീക്ഷണം; 20കാരൻ അറസ്റ്റിൽ, കേരള കേസിലും ബന്ധം
മുംബൈ: 2008ലെ 26/11 മുംബൈ ഭീകരാക്രമണത്തിൽ ലക്ഷ്യമിട്ട ജൂത മതകേന്ദ്രമായ നരിമാൻ ഹൗസിൽ ഉൾപ്പെടെ നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തിയെന്ന കേസിൽ 20കാരൻ അറസ്റ്റിൽ. നവി മുംബൈയിലെ ഐറോളി സ്വദേശിയായ യാഷ് സിങ്ങിനെയാണ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ശനിയാഴ്ച അറസ്റ്റ് ചെയ്തത്. തൃശൂരിൽ യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തുള്ള ചിലരുടെ നിർദേശപ്രകാരമാണ് യാഷ് സിങ് പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ ആരോപണം. മുംബൈയിലെ ജൂത പൗരന്മാർ, വിദേശികൾ, അവരുടെ സ്ഥാപനങ്ങൾ എന്നിവയുടെ ചിത്രങ്ങൾ, വാഹനങ്ങളുടെ വിവരങ്ങൾ, കൃത്യമായ സ്ഥലവിവരങ്ങൾ എന്നിവ ഇയാൾ ശേഖരിച്ച് വിദേശത്തുള്ള ബന്ധുക്കൾക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ.
സമൂഹമാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് നവി മുംബൈ എടിഎസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് തൃശൂരിൽ യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുമായുള്ള ബന്ധം കണ്ടെത്തിയത്. ഇതോടെ കേരള പൊലീസിന്റെ പ്രത്യേക സംഘം നവി മുംബൈയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊളാബയിലെ ചബാദ് ഹൗസ് എന്നറിയപ്പെടുന്ന നരിമാൻ ഹൗസായിരുന്നു ഇയാളുടെ പ്രധാന നിരീക്ഷണ ലക്ഷ്യങ്ങളിലൊന്ന്. ജൂത മത-സാംസ്കാരിക കേന്ദ്രം പ്രവർത്തിക്കുന്ന ഈ കെട്ടിടം 2008ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.
യഹൂദ പൗരന്മാരുടെയും വിദേശികളുടെയും സ്ഥാപനങ്ങളുടെയും ചിത്രങ്ങൾ, വാഹനങ്ങളുടെ വിവരങ്ങൾ, കൃത്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനവിവരങ്ങൾ എന്നിവ ശേഖരിക്കാനായിരുന്നു നിർദേശമെന്നാണ് പൊലീസ് പറയുന്നത്.
പാക് ഭീകരൻ ഷഹ്സാദ് ഭട്ടിയുടെ ക്രിമിനൽ ശൃംഖലയുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന സംഘങ്ങൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ തൊഴിലില്ലാത്തവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുമായ യുവാക്കളെ ലക്ഷ്യമിടുന്നതായി നവി മുംബൈ എടിഎസ് വ്യക്തമാക്കി. നിരീക്ഷണം നടത്താനും വിവരങ്ങൾ ശേഖരിക്കാനും ഉൾപ്പെടെയുള്ള ജോലികൾക്കായി ഇവർ യുവാക്കൾക്ക് പണം വാഗ്ദാനം ചെയ്യുന്നതായും അന്വേഷണസംഘം പറയുന്നു.
26/11ൽ നരിമാൻ ഹൗസിനെ ലക്ഷ്യമിട്ടത്
2008 നവംബറിൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്ബയിലെ പത്ത് ഭീകരരാണ് കടൽമാർഗം മുംബൈയിലെത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
താജ്മഹൽ പാലസ് ഹോട്ടൽ, ഒബ്റോയ്-ട്രൈഡന്റ് ഹോട്ടൽ സമുച്ചയം, ഛത്രപതി ശിവജി ടെർമിനസ്, നരിമാൻ ഹൗസ് എന്നിവയായിരുന്നു പ്രധാന ആക്രമണകേന്ദ്രങ്ങൾ. നരിമാൻ ഹൗസിൽ കടന്നുകയറിയ രണ്ട് ഭീകരർ കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു.
ജൂത മതകേന്ദ്രത്തിലെ റബ്ബിയായ ഗബ്രിയേൽ ഹോൾട്സ്ബെർഗും ഗർഭിണിയായ ഭാര്യ റിവ്കയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. രണ്ട് ഇസ്രായേൽ പൗരന്മാർ, ഒരു അമേരിക്കൻ പൗരൻ, ഒരു മെക്സിക്കൻ പൗരൻ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദമ്പതികളുടെ രണ്ട് വയസ്സുകാരനായ മകൻ മോശെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.