യു.പിയിൽ 1.27 കോടി ഹിന്ദുക്കൾ വോട്ടർപട്ടികയിൽ നിന്ന് പുറത്തായെന്ന് യോഗി ആദിത്യനാഥ്; തിരിച്ചെത്തിക്കാൻ വന്‍ നീക്കവുമായി ബി.ജെ.പി
ലഖ്നോ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ ഹിന്ദു വോട്ടർമാരുടെ പേരുകൾ തിരികെച്ചേർക്കാൻ പദ്ധതിയിട്ട് ബി.ജെ.പി. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ച് വൻ പദ്ധതിയാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഓരോ മണ്ഡലത്തിലും 10,000 മുതൽ 25,000 വരെ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. നവംബർ 20ന് ഇതിന്റെ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, എസ്.ഐ.ആർ നടപടിക്കുശേഷം 1.27 കോടി ഹിന്ദു വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. മുസ്ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനം വർധനയുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അർഹരായ വോട്ടർമാരുടെ പേരുകൾ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താൻ ബി.ജെ.പി നേതൃത്വം പ്രവർത്തകരോട് നിർദേശിച്ചത്.
നവംബർ 13ന് ലഖ്നോവിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ പങ്കജ് ചൗധരി എന്നിവർ ജില്ലാ പ്രസിഡന്റുമാർക്കും ചുമതലക്കാർക്കും നിർദേശം നൽകുകയായിരുന്നു. അടുത്ത ഒരു മാസത്തേക്ക് വോട്ടർപട്ടികയിൽ മാത്രമാണ് പ്രവർത്തകർ പൂർണ ശ്രദ്ധ നൽകേണ്ടതെന്നും യോഗി നിർദേശിച്ചു. 40 ലക്ഷം മുതൽ 80 ലക്ഷം വരെ പേരുകൾ തിരിച്ചുചേർക്കാനായാൽ അത് മതിയായ നേട്ടമായിരിക്കുമെന്നാണ് യോഗത്തിൽ പങ്കെടുത്ത ഒരു നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും വോട്ടർപട്ടിക താരതമ്യം ചെയ്ത് ഒഴിവാക്കിയവരെ കണ്ടെത്താനാണ് ബി.ജെ.പിയുടെ തീരുമാനം. സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയും ഇതിനായി പരിശോധിക്കും. സ്ത്രീകൾ, യുവാക്കൾ, കന്നിവോട്ടർമാർ, മണ്ഡലം മാറിയവർ, മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർ എന്നിവർക്കും പ്രത്യേക പരിഗണന നൽകും.
വോട്ടർമാരുടെ പേരുകൾ വീണ്ടും ഉൾപ്പെടുത്തുന്നതിലൂടെ തെരഞ്ഞെടുപ്പിൽ മുന്നേറാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,500 മുതൽ 3,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച നിരവധി മണ്ഡലങ്ങളുണ്ട്. വോട്ടർപട്ടികയിൽ 5,000 മുതൽ 10,000 വരെ പേരുകളുടെ കുറവുണ്ടായാൽ പോലും ഇത്തരം മണ്ഡലങ്ങളിലെ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്.
എസ്.ഐ.ആറിന് മുമ്പ് സംസ്ഥാനത്ത് 15.44 കോടി വോട്ടർമാരുണ്ടായിരുന്നത് 13.39 കോടിയായി കുറഞ്ഞിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എസ്.എസ്.ആർ കരട് വോട്ടർപട്ടിക നവംബർ 17ന് പ്രസിദ്ധീകരിക്കും. പരാതികളും മറ്റും സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്. അന്തിമ വോട്ടർപട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.