ജയ്പൂർ: ആറ് കോൺഗ്രസ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തതിനെതിരെ രാജ്സ്ഥാൻ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം തുടരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെക്കുറിച്ചുള്ള മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നുള്ള സംഭവവികാസങ്ങളാണ് രാപകൽ സമരത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി അംഗങ്ങൾ സഭയിൽ പ്രതിഷേധം തുടർന്നു.
മൂന്ന് മന്ത്രിമാർ മുതിർന്ന എം.എൽ.എമാരുമായി വെള്ളിയാഴ്ച രാത്രി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല. പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി പറഞ്ഞു. മന്ത്രി പരാമർശം പിൻവലിക്കണമെന്നാണ് ആവശ്യം.
വെള്ളിയാഴ്ച ചോദ്യോത്തരവേളയിൽ മന്ത്രി അവിനാഷ് ഗെഹ് ലോട്ടിന്റെ പ്രതികരണമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പദ്ധതികൾക്കെല്ലാം മുത്തശ്ശി ഇന്ദിരഗാന്ധിയുടെ പേരുനൽകുന്നതിനെ വിമർശിച്ചതാണ് കാരണം. പരാമർശം സഭയിൽ വൻ ബഹളത്തിന് ഇടയാക്കി. മൂന്നുതവണ സഭ നിർത്തിവെച്ചു.
കോൺഗ്രസ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്യാനുള്ള നിർദേശം സർക്കാർ ചീഫ് വിപ്പ് ജോഗേശ്വർ ഗാർഗ് അവതരിപ്പിച്ചു. ഇത് ശബ്ദവോട്ടോടെ പാസായി. അതോടെ സഭ തിങ്കളാഴ്ച രാവിലെ 11 വരെ നിർത്തിവെച്ചതായി സ്പീക്കർ പ്രഖ്യാപിച്ചു. തുടർന്നാണ് കോൺഗ്രസ് എം.എൽ.എമാർ സഭയിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.