മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരി​ക്കും; തീരുമാനം ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും കനത്ത തിരിച്ചടി

മുംബൈ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തെത്തുടർന്ന് കോൺഗ്രസ് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂക്ഷമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മഹാ വികാസ് അഘാഡി (എം.വി.എ) യുമായി ചേർന്ന് മത്സരിക്കില്ലെന്ന് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ പ്രവർത്തന ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച് പ്രസ്താവന നടത്തി. മുംബൈ കോൺഗ്രസ് ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നും 227 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ശനിയാഴ്ച, ബിഎംസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുംബൈ കോൺഗ്രസ് മലാഡിൽ "ലക്ഷ്യ 2026" ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ ക്യാമ്പിൽ പങ്കെടുക്കുകയും വിവിധ വിഷയങ്ങൾ ഉന്നയിക്കുകയും അത് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

കോൺഗ്രസ് ഇപ്പോൾ ‘ഒറ്റക്ക് സഞ്ചരിക്കുക’ എന്ന നയം പിന്തുടരുമെന്നായിരുന്നു ക്യാമ്പിന്റെ ഏറ്റവും വലിയ പ്രഖ്യാപനം. ബിഎംസി തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനെതിരെ ഐക്യമുന്നണി രൂപവത്കരിക്കാൻ ആഗ്രഹിച്ചിരുന്ന ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും ഈ തീരുമാനം കനത്ത തിരിച്ചടിയാണെന്ന് വിദഗ്ദ്ധർ പറയുന്നു. കോൺഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനം ബിഹാറിലെ പരാജയവുമായി ബന്ധപ്പെട്ടതാണെന്ന് ഉദ്ധവ് താക്കറെയുടെ വിഭാഗം വക്താവ് കിഷോരി പെഡ്‌നേക്കർ പറഞ്ഞു. ഈ തീരുമാനം എത്രമാത്രം ശരിയോ തെറ്റോയെന്ന് പിന്നീട് അറിയാമെന്നും പെഡ്നേക്കർ സൂചിപ്പിച്ചു.

സമാന ചിന്താഗതിക്കാരായ ചെറിയ പാർട്ടികളുമായി സഖ്യത്തിലെത്തി ബി.എം.സി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മത്സരിക്കാമെന്ന് മുംബൈ കോൺഗ്രസ് പ്രസിഡന്റും എം.പിയുമായ വർഷ ഗെയ്ക്‌വാദ് ക്യാമ്പിൽ ഒരു പ്രധാന സൂചന നൽകിയിരുന്നു.

ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിരാശപ്പെടേണ്ടതില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷ് വർധൻ സപ്കൽ പാർട്ടി പ്രവർത്തകരോടായി പറഞ്ഞു. അനധികൃതമായി​ വോട്ടുകൾ ചേർത്താണ് ബി.ജെ.പി ജയമെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു. ബിഎംസി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് വിജയപതാക ഉയർത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Congress may contest Maharashtra municipal elections alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.