കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള വോ​ട്ട​ർ​പ​ട്ടി​കയും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ മാ​തൃ​കയു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി

എ.​ഐ.​സി.​സി ഓ​ഫി​സി​ൽ

കോൺഗ്രസ് തെരഞ്ഞെടുപ്പ്: മിസ്ത്രി റെഡി; ഒരുക്കം അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയുടെ മേൽനോട്ടത്തിൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പു ക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം 22ന് പുറത്തിറക്കും. വോട്ടർമാർക്ക് ക്യു.ആർ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡ് തയാറാക്കിക്കൊണ്ടാണ് ഒരുക്കങ്ങൾ.9,000ൽപരം പ്രതിനിധികളടങ്ങുന്നതാണ് വോട്ടർപട്ടിക. എന്നാൽ, ആകെ വോട്ടർമാരുടെ കൃത്യമായ എണ്ണം, ഓരോ സംസ്ഥാനത്തെയും ആകെ വോട്ടർമാർ എത്ര തുടങ്ങിയ കാര്യങ്ങൾ പരസ്യപ്പെടുത്തില്ല. വോട്ടർപട്ടിക തയാറായെങ്കിലും പല കാരണങ്ങളാൽ അത് എല്ലാവർക്കുമായി പങ്കുവെക്കാൻ കഴിയില്ലെന്നാണ് വിശദീകരണം.

ഓരോ സംസ്ഥാനത്തെയും വോട്ടർമാരായ പി.സി.സി പ്രതിനിധികൾക്ക് ക്യു.ആർ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡ് നൽകും. ഫോട്ടോ കൂടിയുള്ള കാർഡുകൾ കിട്ടിയവർക്ക് സ്കാൻ ചെയ്ത് പോളിങ് ബൂത്തിൽ കയറാം. കാർഡിൽ ഫോട്ടോ ഇല്ലെങ്കിൽ ആധാർ കാർഡ് കൂടി കരുതണം.കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ നാമനിർദേശ പത്രികയിൽ പിന്തുണക്കുന്ന 10 പ്രതിനിധികളുടെ കൈയൊപ്പ് വേണം. പിന്തുണക്കുന്നവരുടെ പക്കൽ ക്യു.ആർ കോഡുള്ള തിരിച്ചറിയൽ കാർഡ് ഉണ്ടെന്ന് സ്ഥാനാർഥികൾ ഉറപ്പുവരുത്തിയാൽ മതി. പിന്തുണക്കുന്നവർ മറ്റേതൊരു സംസ്ഥാനത്താണെങ്കിലും, സാധുവായ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഈ പരിശോധന നടത്താം. വോട്ടർപട്ടിക നേരിട്ടു പരിശോധിക്കാൻ ഈ മാസം 20 മുതൽ സ്ഥാനാർഥിക്ക് എ.ഐ.സി.സി ഓഫിസിൽ സൗകര്യം നൽകും.

എല്ലാ പി.സി.സികളും അന്തിമ വോട്ടർപട്ടിക തയാറാക്കിയശേഷം 22ന് തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കുന്നതോടെ വോട്ടർപട്ടിക വേണ്ടപ്പെട്ടവർക്ക് ലഭ്യമാക്കും. മത്സരമുണ്ടെങ്കിൽ വോട്ടെടുപ്പ് ഒക്ടോബർ 17ന്. നാമനിർദേശ പത്രിക ഈ മാസം 24 മുതൽ 30 വരെ നൽകാം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഒക്ടോബർ എട്ട്. എട്ടു മുതൽ 16 വരെ പ്രചാരണസമയം. വോട്ടെടുപ്പ് ആവശ്യമായി വന്നാൽ 17ന് രാവിലെ 10നും വൈകീട്ട് നാലിനുമിടയിൽ എല്ലാ പി.സി.സി ആസ്ഥാനങ്ങളിലും എ.ഐ.സി.സിയിലും വോട്ടു ചെയ്യാൻ ക്രമീകരണമൊരുക്കും. 19ന് വോട്ടെണ്ണി ഫലം അന്നു തന്നെ പ്രഖ്യാപിക്കും.

പുതിയ കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ പുതിയ ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇതിനായി പ്രദേശ് റിട്ടേണിങ് ഓഫിസർ പി.സി.സി പ്രതിനിധികളുടെ യോഗം വിളിക്കും. പി.സി.സി പ്രസിഡന്‍റിനെയും എ.ഐ.സി.സി പ്രതിനിധികളെയും നിയമിക്കാൻ പുതിയ കോൺഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയം പാസാക്കും. വരാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ, പദവിയേറ്റ ശേഷമായിരിക്കും ഇവരുടെ പേരുവിവരം പ്രഖ്യാപിക്കുക.

ഈ നടപടിക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തശേഷം എ.ഐ.സി.സി സമ്മേളനം വിളിക്കും. എ.ഐ.സി.സി സമ്മേളനത്തിനു ശേഷം പ്രവർത്തകസമിതി തെരഞ്ഞെടുപ്പ്. സമിതിയിലെ 12 സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടക്കും. സമവായമുണ്ടെങ്കിൽ മത്സരത്തിന്‍റെ ആവശ്യം വരില്ല. 11 പേരെ പുതിയ കോൺഗ്രസ് അധ്യക്ഷൻ നോമിനേറ്റ് ചെയ്യും. ലോക്സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസിന്‍റെ നേതാവ്, കോൺഗ്രസ് അധ്യക്ഷൻ എന്നിവരാണ് 26 അംഗ പ്രവർത്തകസമിതിയിലെ മറ്റ് അംഗങ്ങൾ.

പി.സി.സി അധ്യക്ഷനെയും എ.ഐ.സി.സി പ്രതിനിധികളെയും നിയമിക്കുന്നതിന് പുതിയ കോൺഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയം പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ യോഗം ചേർന്ന് പാസാക്കും. കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എല്ലാക്കാലവും സുതാര്യമാണെന്നും ഇത്തവണയും അങ്ങനെ തന്നെയായിരിക്കുമെന്നും മധുസൂദനൻ മിസ്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഒന്നും ഒളിക്കാനില്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Congress Election: Mistry Reddy; Preparation is in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.