കമ്പനികൾക്ക് ശക്തമായ കെട്ടുറപ്പില്ലെന്ന് റിപ്പോർട്ട്; അദാനി സാമ്രാജ്യം ബലൂൺ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്ത് ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യം ശക്തമായ കെട്ടുറപ്പില്ലാതെ വല്ലാതെ ഊതിവീർപ്പിച്ചതാണെന്ന് വായ്പ നിരീക്ഷണ ഏജൻസിയായ ക്രെഡിറ്റ് സൈറ്റ്സ്. വായ്പയിൽ താങ്ങിയാണ് നിൽപ്.

ഒന്നിനു പിറകെ ഒന്നായി വിവിധ മേഖലകളിലേക്ക് അതിവേഗം അദാനി പടർന്നുകയറുന്നതിനിടയിലാണ്, അദാനി സ്ഥാപനങ്ങളുടെ ഭദ്രതയെക്കുറിച്ച ആശങ്ക പങ്കുവെക്കപ്പെട്ടത്. വിവിധ വ്യവസായ മേഖലകളിൽ ആധിപത്യം സ്ഥാപിക്കാൻ കാണിക്കുന്ന തിടുക്കം വലിയൊരു കടക്കെണിയിലേക്കോ വായ്പ കുടിശ്ശിക വരുത്തുന്നതിലേക്കോ എത്തിയെന്നു വരാം.

ഭരണകൂടപിന്തുണയും അതിനൊത്ത് ലഭിക്കുന്ന ബാങ്ക് വായ്പകളുമാണ് അദാനിക്ക് പുതിയ നിക്ഷേപപദ്ധതികൾ പ്രഖ്യാപിക്കാൻ സഹായകമാവുന്നത്. എന്നാൽ, അതിനൊത്ത സൂക്ഷ്മമായ മൂലധനസമാഹരണവും ധനവിനിയോഗവും ഇല്ല.

തുറമുഖം, വിമാനത്താവളം, ഖനികൾ, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം, സിമന്റ് ഉൽപാദനം, വാതക മേഖല, ഡേറ്റ സെന്ററുകൾ എന്നിങ്ങനെ കൂടുതൽ മേഖലകളിലേക്ക് സാമ്രാജ്യം വളർത്തുകയാണ് അദാനി. പ്രഖ്യാപിക്കുന്ന പദ്ധതികൾക്കൊത്ത സുരക്ഷിത ആസ്തി അദാനിക്കില്ലെന്ന് റിപ്പോർട്ട് വിശദീകരിച്ചു.

കമ്പനികളുടെ പ്രമോട്ടർ എന്ന നിലയിൽ അദാനിയുടെ ഭാഗത്തുനിന്ന് മതിയായ മൂലധനനിക്ഷേപത്തിന് തെളിവുകളില്ല. പരസ്പര ബന്ധമില്ലാത്തതും വലിയ മൂലധന നിക്ഷേപം വേണ്ടിവരുന്നതുമായ വ്യവസായങ്ങൾ തുടങ്ങുന്നു. വിപണി മേധാവിത്വത്തിനുവേണ്ടിയുള്ള മത്സരം, സൂക്ഷ്മതയില്ലാത്ത സാമ്പത്തിക തീരുമാനങ്ങൾക്ക് പ്രേരിപ്പിക്കുന്നു.

അദാനിയുടെ ആസ്തിമൂല്യം 135 ശതകോടി ഡോളറെന്നാണ് കണക്കാക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി കമ്പനികളുടെ ഓഹരിവില ചൊവ്വാഴ്ച ഏഴു ശതമാനം വരെ ഇടിഞ്ഞു.

അംബാനിയെ കടത്തിവെട്ടി ഏഷ്യയിലെ ഒന്നാമത്തെ അതിസമ്പന്നനായി അദാനി മാറിയെന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ. മുകേഷ് അംബാനിയുടെയും മറ്റും സ്ഥാപനങ്ങളുമായി അനാരോഗ്യകരമായ മത്സരമാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു.

Tags:    
News Summary - companies do not have a strong bond Adani Empire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.