‘സ്കൂളുകൾ അടച്ചുപൂട്ടി മദ്യശാലകൾ തുറക്കൂ’; ലഡാക്ക് ഭരണകൂടത്തിനെതിരെ സോനം വാങ്ചുക്
ശ്രീനഗർ: ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്കിനെ (എച്ച്.ഐ.എ.എൽ) അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ലഡാക്ക് ഭരണകൂടത്തെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. സ്കൂളുകൾ അടച്ചുപൂട്ടി മദ്യശാലകൾ തുറക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്ന് അദ്ദേഹം പ്രതികരിച്ചു. ദേശീയ-അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയ സ്ഥാപനത്തെയാണ് ലക്ഷ്യമിടുന്നതെന്നും വാങ്ചുക്.
സ്ഥാപനത്തെക്കുറിച്ച് ഇന്റർനെറ്റിലും വാർത്തകളിലും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് വാങ്ചുക് പറഞ്ഞു. രാജ്യത്തുടനീളം എച്ച്.ഐ.എ.എൽ മാതൃക നടപ്പാക്കണമെന്ന് പാർലമെന്ററി വിദ്യാഭ്യാസ സമിതി ശുപാർശ ചെയ്തിരുന്നു. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ സ്ഥിരം പ്രദർശനവും ടൈം മാസികയുടെ 100 കാലാവസ്ഥാ പരിഹാരങ്ങളുടെ പട്ടികയിൽ ഇടവും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്.ഐ.എ.എൽൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ലേയിലെ തഹസിൽദാർ ഓഫീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. കോടതിയുടെ വിധി വരുന്നതുവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാണ് നിർദേശം. ആവശ്യമായ അനുമതികളും ക്ലിയറൻസുകളും ലഭിക്കാതെ ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. സോനം വാങ്ചുകും ഗീതാഞ്ജലി ജെ. ആങ്മോയും ചേർന്ന് സ്ഥാപിച്ച സ്ഥാപനമാണിത്. സ്കൂളിന്റെ മാനേജിങ് കമ്മിറ്റിയിലെ അംഗങ്ങൾക്കായി എൻഒസി അല്ലെങ്കിൽ അനുമതി തേടി സെപ്റ്റംബർ 22ന് ഗീതാഞ്ജലി ലേ ഡെപ്യൂട്ടി കമ്മീഷണർക്ക് അപേക്ഷ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.