ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്ത് മിശ്രയെ തന്റെ പിൻഗാമിയായി നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ന്യായാധിപനാണ് സൂര്യകാന്ത്. കേന്ദ്രസർക്കാർ മുമ്പാകെയാണ് ഗവായ് ശിപാർശ സമർപ്പിച്ചത്.
സീനിയോറിറ്റി അനുസരിച്ച് ജസ്റ്റിസ് കാന്താണ് ഇനി ചീഫ് ജസ്റ്റിസാകേണ്ടത്. നവംബർ 23നാണ് ബി.ആർ ഗവായ് വിരമിക്കുന്നത്. സൂര്യകാന്തിന്റെ നിയമനം അംഗീകരിക്കപ്പെട്ടാൽ രാജ്യത്തിന്റെ 53ാമത് ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിതനാകും. 14 മാസമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. ജീവിതത്തിന്റെ എല്ലാഘട്ടത്തിലും ബുദ്ധിമുട്ടറിഞ്ഞാണ് സൂര്യകാന്ത് വളർന്നത്. അതുകൊണ്ട് ജുഡീഷ്യൽ സഹായം തേടി വരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന് മനസിലാകുമെന്ന് ഗവായ് പ്രത്യാശ പ്രകടിപ്പിച്ചു.
2025 മെയിലാണ് ജസ്റ്റിസ് ഗവായ് ഇന്ത്യയുടെ 52ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തത്. വിരമിക്കുന്നതിന് മുമ്പ് പഴയ ചീഫ് ജസ്റ്റിസിനോട് തൽസ്ഥാനത്തേക്ക് ആരുടെയെങ്കിലും പേര് നിർദേശിക്കാനുണ്ടോയെന്ന് ചോദിക്കും. സാധാരണയായി സീനിയോറിറ്റിയിൽ മുമ്പിലുള്ള ജസ്റ്റിസിന്റെ പേരാകും കേന്ദ്രസർക്കാറിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നൽകുക.
38ാം വയസിൽ ഹരിയാനയുടെ പ്രായംകുറഞ്ഞ അഡ്വക്കറ്റ് ജനറലായാണ് സൂര്യകാന്ത് കരിയർ തുടങ്ങിയത്. പിന്നീട് 2004ൽ തന്റെ 42ാം വയസിൽ പഞ്ചാബ്-ഹരിയാന ജഡ്ജിയായി. ജഡ്ജിയായി ചേർന്നതിന് ശേഷവും അദ്ദേഹം പഠനം തുടർന്നു. 2011ൽ എൽ.എൽ.ബി മാസ്റ്റേഴ്സ് ബിരുദദാരിയായി. 14 വർഷം ഹൈകോടതി ജഡ്ജിയുടെ പദവിവഹിച്ച അദ്ദേഹം 2018 ഹിമാചൽപ്രദേശ് ചീഫ് ജസ്റ്റിസായി. 2019ലാണ് സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.