ഇശ്റത്ത് ജഹാൻ

പൗരത്വ സമരം; ഇശ്റത്ത് ജഹാന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപ്പീൽ തള്ളി

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട പൗരത്വ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന, മുൻ കോൺഗ്രസ് കൗൺസിലർ ഇശ്റത്ത് ജഹാന് വിചാരണ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഡൽഹി പൊലീസിന്റെ അപ്പീൽ ഡൽഹി ഹൈകോടതി തള്ളി. ഇശ്റത്ത് ജഹാന് ജാമ്യം ലഭിച്ച് നാല് വർഷത്തിലേറെ കഴിഞ്ഞുവെന്നും ഈ കാലയളവിൽ അവർ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി യാതൊരു തെളിവുകളുമില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ നവീൻ ചൗള, രവീന്ദർ ദുഡേജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പൊലീസിന്റെ ഹരജി തള്ളിയത്.

കേസിലെ ഗുണദോഷങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്രയും കാലത്തിനുശേഷം വിചാരണ കോടതിയുടെ ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് അറിയിച്ചു.യു.എ.പി.എ, കൊലപാതകശ്രമം, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തപ്പെട്ട കേസിൽ 2020 മാർച്ചിൽ അറസ്റ്റിലായ ഇശ്റത്തിന് 2022 മാർച്ചിൽ പ്രത്യേക കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ‘ചക്കാ ജാം’ എന്ന റോഡ് ഉപരോധ ആശയത്തിന് പിന്നിൽ ഇശ്റത്ത് ജഹാൻ അല്ലെന്നും കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുള്ള സംഘടനകളിലോ വാട്‌സ്ആപ് ഗ്രൂപ്പുകളിലോ അവർ അംഗമല്ലെന്നും നിരീക്ഷിച്ചായിരുന്നു അന്ന് കോടതി ജാമ്യം അനുവദിച്ചത്.

ഡൽഹി ഹൈകോടതി ജാമ്യം ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടാനായി ആസൂത്രണം ചെയ്തതാണ് ഈ കലാപമെന്നും വിചാരണ കോടതി തെളിവുകൾ അവഗണിച്ചുവെന്നുമായിരുന്നു പൊലീസിന്റെ വാദം.

Tags:    
News Summary - Citizenship strike Police reject Ishrat Jahan's appeal to cancel bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.